വാഷിങ്ടൺ: സ്പേസ് എക്സ് ബഹിരാകാശത്തേക്കയച്ച ഒരു റോക്കറ്റിന്റെ അവശിഷ്ടം മാർച്ച് നാലിന് ചന്ദ്രനിൽ പതിക്കും. ഈ നിർണായക നിമിഷത്തിനായുള്ള കാത്തിരിപ്പിലാണ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയിലെ ഒരുകൂട്ടം ഗവേഷകർ. നാലു ടണ്ണോളം വരുന്ന അവശിഷ്ടം പതിക്കുമ്പോൾ ചന്ദ്രനിൽ രൂപപ്പെട്ടേക്കാവുന്ന ഗർത്തത്തെക്കുറിച്ച് പഠിക്കാനുള്ള ഒരവസരമായാണ് സംഘമിതിനെ കാണുന്നത്.
2015-ൽ നാസയുടെ ഒരു ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കാൻ ഉപയോഗിച്ച റോക്കറ്റിന്റെ ബൂസ്റ്ററാണിപ്പോൾ ചന്ദ്രനെ ലക്ഷ്യമിട്ട് നീങ്ങുന്നത്. ബഹിരാകാശത്ത് നിക്ഷേപിക്കപ്പെടുന്ന മറ്റേതൊരു വസ്തുവുംപോലെ അന്നുമുതൽ ബൂസ്റ്ററും അവിടെ ഒഴുകിനടക്കുകയാണ്. മണിക്കൂറിൽ 9000 കിലോമീറ്റർ വേഗത്തിലാണ് സഞ്ചാരം. അതേസമയം, എവിടെയാണ് ഗർത്തമുണ്ടായതെന്ന് കണ്ടുപിടിക്കുക ശ്രമകരമായ ദൗത്യമായിരിക്കും.
ചന്ദ്രനെ ചുറ്റുന്ന നാസയുടെ എൽ.ആർ.ഒ. പേടകം അയക്കുന്ന ചിത്രങ്ങൾ ഉപയോഗിച്ച് അവശിഷ്ടം പതിക്കുന്നതിനുമുമ്പും പിമ്പുമുള്ള ചിത്രങ്ങൾ താരതമ്യം ചെയ്യാനായേക്കും. അതേസമയം, ബൂസ്റ്റർ ചന്ദ്രനിൽ പതിക്കുമ്പോഴുണ്ടാകുന്ന മാറ്റം ഭൂമിയിൽ ദൃശ്യമാകില്ല.
അപ്പോളോദൗത്യങ്ങളിലടക്കം ഭൂകമ്പമാപിനികളുടെ പരീക്ഷണത്തിനായി ബഹിരാകാശപേടകങ്ങൾ കരുതിക്കൂട്ടി ചന്ദ്രനിൽ ഇടിച്ചിറക്കിയിട്ടുണ്ട്. എന്നാൽ, ആസൂത്രിതമല്ലാത്ത ആദ്യത്തേതാണിത്