ശ്രീകണ്ഠപുരം ഹയർ സെക്കൻ്ററി സ്കൂളിലെ കുട്ടികളുടെ റേഡിയോ സംപ്രേക്ഷണം അഞ്ചുവർഷം പിന്നിടുന്നു


ശ്രീകണ്ഠപുരം:- ‘
അറിവിന്റെ പുതിയ ആകാശം -പ്രിയ ശ്രോതാക്കൾക്ക് ‘വിദ്യാഗീതം’ സ്കൂൾ റേഡിയോയിലേക്ക് സ്വാഗതം.

അഞ്ചുവർഷമായി ശ്രീകണ്ഠപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളുടെ റേഡിയോസ്റ്റേഷനിൽനിന്ന് മുടങ്ങാതെ പ്രക്ഷേപണം ചെയ്യുന്ന പരിപാടികളുടെ ആദ്യ വാചകമാണിത്.

കോവിഡ് പ്രതിസന്ധിമൂലം പ്രക്ഷേപണം ഇപ്പോൾ ഓൺലൈനിലൂടെയാക്കിയെങ്കിലും വൈവിധ്യമാർന്ന പരിപാടികളുമായി റേഡിയോയുടെ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകുകയാണ് വിദ്യാർഥികളും അധ്യാപകരും.

2015-16 അധ്യായനവർഷത്തിലാണ് ‘വിദ്യാഗീതം’ എന്ന പേരിൽ സ്കൂൾ റേഡിയോ തുടങ്ങുന്നത്. കുട്ടികൾ തയ്യാറാക്കുന്ന േറഡിയോ പരിപാടികൾ വിദ്യാലയത്തിലെ ഉച്ചഭാഷിണിസൗകര്യമുപയോഗിച്ച് എല്ലാ ക്ലാസ് മുറികളിലും കേൾപ്പിക്കുകയാണ് ചെയ്തത്. വാർത്തകൾ, കലാപരിപാടികൾ, വിജ്ഞാനപരിപാടികൾ, പ്രഭാഷണങ്ങൾ, വിദ്യാലയ വാർത്തകൾ, അറിയിപ്പുകൾ, ദിനാചരണങ്ങൾ, നാടൻകലകളുടെ പരിചയം തുടങ്ങിയവയെല്ലാം സ്കൂൾറേഡിയോയിലൂടെ പ്രക്ഷേപണം ചെയ്തു. കുട്ടികൾ തന്നെയാണ് പരിപാടികളുടെ രചനയും എഡിറ്റിങ്ങുമൊക്കെ നടത്തുന്നത്. ഒരോ പരിപാടികൾക്കും തിരഞ്ഞെടുക്കുന്ന നാല് കുട്ടികൾ അവതാരകരായും എത്തും.

ഓൺലൈൻ പ്രക്ഷേപണത്തിലേക്ക്

കോവിഡ് വ്യാപനവും ലോക്ഡൗണും തുടങ്ങിയതോടെ സ്കൂൾ റേഡിയോ ഓൺലൈൻ പ്രക്ഷേപണത്തിലേക്ക് വഴിമാറി. ആദ്യം കുട്ടികളുടെ ഓൺലൈൻ ക്ലാസിനായി ഒരുക്കിയ വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ ഒരോ ആഴ്ചകളിലും എപ്പിസോഡുകൾ അയച്ചുതുടങ്ങി.

പിന്നീട് വിദ്യാഗീതം എന്ന പേരിൽ യൂ ട്യൂബ് ചാനൽ തുടങ്ങി പരിപാടികൾ പ്രക്ഷേപണം ചെയ്തു. ഓൺലൈനായതോടെ രക്ഷിതാക്കളും നാട്ടുകാരും കൂടി റേഡിയോയുടെ ശ്രോതാക്കളായി. ഓൺലൈൻ പ്രക്ഷേപണം നിലവിൽ 50 എപ്പിസോഡുകൾ പിന്നിട്ടു. പ്രതിവാര പരിപാടികളിൽ ആലങ്കോട് ലീലാകൃഷ്ണൻ, മാധവൻ പുറച്ചേരി, കെ.എ.ബീന, നടൻമാരായ ഇർഷാദ് അലി, സന്തോഷ് കീഴാറ്റൂർ, മന്ത്രി പി.പ്രസാദ്, സാമൂഹികപ്രവർത്തക ദയാബായ് തുടങ്ങി സാമൂഹിക-രാഷ്ട്രീയ-കലാരംഗത്തെ നിരവധി പ്രമുഖർ അതിഥികളായും എത്തി.

അധ്യാപകരായ എൻ.സി.നമിത, എം.കെ.രാജീവ്, നവാസ് മന്നൻ, പി.വി.മനോജ് എന്നിവരാണ് റോഡിയോയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. പ്രഥമാധ്യാപകൻ പി.പി.സണ്ണിയും മറ്റധ്യാപകരും പരിപൂർണ പിന്തുണയുമായി ഒപ്പമുണ്ട്. നൂതനപരിപാടികളുമായി സ്കൂൾ റേഡിയോയുടെ പ്രവർത്തനം കൂടുതൽ സജീവമാക്കാനാണ് ശ്രമിക്കുന്നതെന്ന് അധ്യാപകർ പറഞ്ഞു.

Previous Post Next Post