മയ്യിലിൽ വഴിയോര കച്ചവടക്കാരെ വ്യാപാര സംഘടനകൾ തടഞ്ഞു

 


മയ്യിൽ:-വഴിയോര കച്ചവടക്കാരെ വ്യാപാര സംഘടനകൾ സം യുക്തമായി തടഞ്ഞു, മയ്യിൽ ടൗണിലും സമീപ പ്രദേശങ്ങളിലും വഴിയോര കച്ചവടം നടത്തുന്നവരെയാണ് മയ്യിൽ യൂണിറ്റ് വ്യാപാ രി വ്യവസായി ഏകോപന സമിതിയും വ്യാപാരി സമിതിയും ചേർന്ന് തടഞ്ഞത്. 

ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കസേര, ബക്കറ്റ്, ട്രേകൾ, ടീപ്പോയി, പൂച്ചട്ടികൾ തുടങ്ങിയ വിവിധ സാധനങ്ങൾ വാഹനങ്ങളിലും വഴിയോരങ്ങൾ കയ്യേറിയും ദിവസക്കൂലിക്ക് ആളെ ഇറക്കി കച്ചവടം നടത്തുന്ന വൻ സംഘങ്ങൾ വ്യാപാര മേഖലയെ തകർക്കുന്നു.

ഉപജീവനത്തിന് വേണ്ടി വഴിയോര കച്ചവടം ചെയ്യുന്നവരെ കൂടി വ്യാപാര മേഖലയുടെ ശത്രുക്കളാക്കാൻ ഈ മാഫിയകൾ കളിക്കുന്ന രീതിയാണ് കാണപ്പെടുന്നത്. കോവിഡ് മൂലം തകർന്ന വ്യാപാരം പഴയ രീതിയിലേക്ക് മാറുന്ന സമയത്താണ് വൻ മാഫിയ പോലെ പ്രവർത്തിക്കുന്ന ഈ വിൽപ്പന ഗ്രാമങ്ങളിലെ വ്യാപാര മേഖലയെ കൂടി തകർത്ത് കൊണ്ടിരിക്കുന്നത്.

വാടക, ലൈസെൻസ്, വൈദ്യുതി, ടാക്സ് പോലുള്ള പ്രാഥമിക കാര്യങ്ങൾ പോലും ഇത്തരക്കാർക്ക് ബാധകമാവുന്നില്ല. അധികൃതർ ഇതൊക്കെ കണ്ടിട്ടും കണ്ണടക്കുകയാണെന്ന് വ്യാപാരികൾ ആരോപിക്കുന്നു. ലൈസൻസ് ഒരു ദിവസം വൈകിയാൽ പോലും ആയിരങ്ങൾ പിഴ ഈടാക്കുന്ന തദ്ദേശ സ്ഥാപനങ്ങൾക്ക് ഇത്തരം കച്ചവട ശൃംഖല നികുതി ഇനത്തിൽ നഷ്ടമാക്കുന്നത് പതിനായിരങ്ങളാണ്.

ഹോട്ടൽ, ജ്യൂസ് ബാർ മറ്റ് പാനീയങ്ങൾ വിൽക്കുന്ന കടകൾക്ക് FASSAI, മറ്റ് ആരോഗ്യ സർട്ടിഫിക്കറ്റുകൾ നിർബന്ധമാക്കുന്ന അധികൃതർ റോഡരികിൽ ഒരുതരത്തിലുള്ള ആരോഗ്യ സുരക്ഷിതത്വവും ഇല്ലാതെ കൂൺ പോലെ മുളച്ച് പൊന്തുന്ന കരിമ്പ് ജ്യൂസ് പോലെയുള്ള പാനീയങ്ങൾ വിൽപ്പന നടത്തുന്നവർക്ക്  നേരെ പരിശോധനകൾ നടത്താതെ ലൈസൻസ് കടകളിൽ കയറി പീഡിപ്പിക്കുന്നത് എന്തുകൊണ്ടാണ് എന്നാണ് അധികാരികളോട് വ്യാപാരികൾ ഉന്നയിക്കുന്ന പ്രധാന ചോദ്യം.

മയ്യിൽ ടൗണിലും പരിസര പ്രദേശങ്ങളിലും റോഡരികിൽ വാഹനത്തിൽ കൊണ്ട് വന്ന്‌ കച്ചവടം നടത്തുക ആയിരുന്നവർക്ക് എതിരെ വ്യാപാര വ്യവസായ സമിതിയും, ഏകോപന സമിതിയും സംയുക്തമായി പ്രതിഷേധിച്ചു. തുടർന്നും ഈ രീതിയിൽ വ്യാപാരം തുടർന്നാൽ ശക്തമായ പ്രതിഷേധ നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി.

സമരത്തിന് സി.പി.ബാബു, ടി.വിനോദൻ, പി.കെ.നാരായണൻ, മജീദ് കരകണ്ടം, മജീദ് കൊറളായി, ശ്രീജേഷ് ഇരിങ്ങ, സുധാകരൻ, സുഭാഷ് തുടങ്ങിയവർ നേതൃത്വം നൽകി.

Previous Post Next Post