വിനോദ യാത്രാ സംഘത്തിന് മോശമായ സർവ്വീസ് നൽകി ; കമ്പിൽ പ്രവർത്തിക്കുന്ന Real 3G Tours & Travels നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ്റെ വിധി


കണ്ണൂർ :-
ടൂർ പാക്കേജിൽ വിനോദയാത്രയ്ക്ക് കൂട്ടി പോയ  സംഘത്തിന് മോശമായി സർവ്വീസ് നൽകി ബുദ്ധിമുട്ടിച്ച കമ്പിലെ Real 3 G Tours & TraveIs സ്ഥാപനത്തോട് പരാതിക്കാർക്കുണ്ടായ കഷ്ടപ്പാടുകൾക്ക് പരിഹാരമായി  നഷ്ടപരിഹാരവും കോടതി ചിലവും നൽകാൻ കണ്ണൂർ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു.

കൊളച്ചേരിയിലെ ഉദയ ജ്യോതി സ്വയം സഹായ സംഘമാണ് പരാതിയുമായി  കണ്ണൂർ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ  സമീപിച്ചത്.

2017 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. സംഘത്തിൻ്റെ പ്രവർത്തകരും കുടുംബക്കാരും അടങ്ങുന്ന 45 അംഗ സംഘം Real 3 G യുടെ ടൂർ പാക്കേജിൽ മൈസൂരിലേക്ക് പോകുവാൻ ബുക്ക് ചെയ്തിരുന്നു.പക്ഷെ ബുക്കിംങ് സമയത്ത് വാഗ്ദാനം ചെയ്ത യാതൊരു വിധ സൗകര്യങ്ങളും യാത്രയിൽ നൽകുക ഉണ്ടായില്ല. മൈസൂരിലെത്തിയ സംഘത്തെ  സൗകര്യങ്ങൾ ഒന്നും ഇല്ലാത്ത  ലോഡ്ജ് മുറിയിൽ താമസിപ്പിച്ച് യഥാസമയത്ത് ഭക്ഷണം പോലും നൽകാതെ ബുദ്ധിമുട്ടിക്കുകയായിരുന്നു. യാത്രയിൽ പറഞ്ഞ സ്ഥലങ്ങൾ മുഴുവൻ കാണാൻ പോലും യാത്രാ സംഘത്തിന് സാധിച്ചിരുന്നില്ല.

ആൾ താമസം പോലുമില്ലാത്ത ലോഡ്ജിൽ താമസിച്ച വിനോദയാത്രാ സംഘത്തിന് രാവിലെ ഭക്ഷണം പോലും ലഭിച്ചില്ല. ഗൈഡും വാഹന ജീവനക്കാരെയും ബന്ധപ്പെടാൻ സാധിക്കാത്ത ഇവർ മൈസൂരിൽ നിന്നും നാട്ടിലെ സുഹൃത്തുക്കളെ ബന്ധപ്പെട്ടാണ് ഭക്ഷണം പോലും ഏർപ്പാടാക്കാൻ സാധിച്ചത്. യാതൊരു മുൻപരിചയവുമില്ലാത്ത ഗൈഡായത് കൊണ്ട് വിനോദയാത്രയിലെ അംഗങ്ങൾ യാത്രയിൽ ഏറെ ബുദ്ധിമുട്ട് അനുഭവിച്ചു.

ഇതിനെ തുടർന്നാണ് ഉദയ ജ്യോതി സ്വയം സഹായ സംഘം പ്രവർത്തകർ ഉപഭോക്തൃ തർക്കപരിഹാര ഫോറത്തെ സമീപിച്ചത്. സംഘത്തിന് വേണ്ടി സംഘം പ്രസിഡൻ്റ് അഡ്വ. ഹരീഷ് കൊളച്ചേരി പരാതി നൽകി.

സംഘാംഗങ്ങളോട്  യാത്രയിൽ മുഴുവൻ തുകയും കൈപ്പറ്റിയ ട്രാവൽസ് ഉടമ സംഘക്കാർ കേസ് ഫയൽ ചെയ്തതിലുള്ള വിരോധത്തിന് പണം കിട്ടിയില്ലെന്ന വ്യാജ കേസ് നൽകിയും സംഘത്തെ ബുദ്ധിമുട്ടിക്കുക ഉണ്ടായി.

പക്ഷെ കണ്ണൂർ മുൻസിഫ് കോടതിയിൽ ഫയൽ ചെയ്ത സിവിൽ അന്യായത്തിൽ പരാതിക്കാരന് പണം ലഭിക്കാൻ ബാക്കിയുണ്ടെന്ന വാദം കളവാണെന്ന് കോടതി കണ്ടെത്തുകയും തുടർന്ന് ട്രാവൽസ് ഉടമ നൽകിയ കേസ് തള്ളി വിധി പുറപ്പെടുവിക്കുകയും ചെയ്തു.

തുടർന്ന് ഉപഭോക്തൃ തർക്ക പരിഹാര ഫോറം കേസ് പരിഗണിക്കുകയും തെളിവുകളായി സമർപ്പിച്ച ഫോട്ടോയും ബില്ലുകളും പരിശോധിക്കുകയും മൊഴികളുടെയും രേഖകളുടെയും അടിസ്ഥാനത്തിൽ ട്രാവൽസിൻ്റെ  ഭാഗത്ത് നിന്നും സേവനത്തിന് വീഴ്ച ഉണ്ടായതായി മനസ്സിലാക്കിയ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ  പരാതിക്കാരനായ സംഘത്തിന് ഇരുപതിനായിരം രൂപ നഷ്ടപരിഹാരം നൽകാനും കോടതി ചിലവ് നൽകാനും ഉത്തരവിടുകയായിരുന്നു.


Previous Post Next Post