കണ്ണൂർ:- ദുബൈ കണ്ണൂർ ജില്ലാ കെഎംസിസി സംഘടിപ്പിച്ച റമദാൻ റിലീഫ് സംഗമം കണ്ണൂർ ബാഫഖി സൗധത്തിൽ കോർപറേഷൻ മേയർ ടി ഒ മോഹനൻ ഉത്ഘാടനം ചെയ്തു. മലയാളികൾ പ്രവാസികളായി എത്തിപ്പെട്ട രാജ്യങ്ങളിലെല്ലാം വേരുകളുള്ള കെഎംസിസി നടത്തുന്നത് ഏവരാലും അംഗീകാരം നേടിയ സമാനതകളില്ലാത്ത മനുഷ്യ സ്നേഹ പ്രവർത്തങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് കാലത്ത് ഗൾഫ് രാജ്യങ്ങളിൽ കെഎംസിസി നടത്തിയിട്ടുള്ള സേവനങ്ങൾ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രശംസ നേടിയിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജില്ലാ കെഎംസിസിയുടെ നാൽപതാം വാർഷികത്തിന്റെ ഭാഗമായി രൂപകൽപന ചെയ്ത രണ്ട് പദ്ധതികളുടെ ഉത്ഘാടനവും മേയർ നിർവഹിച്ചു. ഡോ. പി എ ഇബ്രാഹിം ഹാജിയുടെ സ്മരണാർത്ഥം ഒരുക്കുന്ന കെയർ ഫോർ പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ പദ്ധതി വഴി വിതരണം ചെയ്യുന്ന മെഡിക്കൽ ഉപകരണങ്ങൾ തളിപ്പറമ്പ, കോടിയേരി, തലശ്ശേരി ഗവണ്മെന്റ് ആശുപത്രി, കണ്ണൂർ എന്നിവിടങ്ങളിലെ സി സിഎച്ച് സെന്ററുകളുടെയും, മട്ടന്നൂർ, പാനൂർ, കൊളച്ചേരി എന്നിവിടങ്ങളിലെ പൂക്കോയ തങ്ങൾ സ്മാരക ഹോസ്പിസ് പാലിയേറ്റിവ് കേന്ദ്രങ്ങളുടെയും പ്രതിനിധികളായ അഡ്വ കെ എ ലത്തീഫ്, കെ വി ഇസ്മായിൽ, ടി പി അബ്ബാസ് ഹാജി, മുനീർ ഐക്കോടിച്ചി, ഹാഷിം നീർവേലി, പി വി ഇസ്മായിൽ, എം അബ്ദുൽ അസീസ്, പി പി ഖാലിദ് ഹാജി എന്നിവർ ഏറ്റുവാങ്ങി. അക്കാദമിക രംഗത്ത് ഗവേഷണം നടത്തുന്നവർക്കും ജൂനിയർ സയന്റിസ്റ്റുകൾക്കും ഏർപ്പെടുത്തുന്ന പരിശീലന -സ്കോളർഷിപ് പദ്ധതി കെഎംസിസി കോർഡിനേറ്റർ കെ ടി ഹാഷിം ഹാജിക്ക് ആദ്യ ഘട്ട ഫണ്ട് നൽകി മേയർ നിർവഹിച്ചു. റമദാൻ സ്പെഷ്യൽ റിലീഫിന്റെ ഉത്ഘാടനം മുസ്‌ലിം ലീഗ് ജില്ലാ ട്രഷറർ ബി പി വമ്പൻ നിർവഹിച്ചു. സയ്യിദ് ഹാമിദ് കോയമ്മ തങ്ങളുടെ ഓർമ്മപ്പുസ്തകം എം എസ് എഫ് ജില്ലാ പ്രസിഡണ്ട് നസീർ പുറത്തീലിന് നൽകി ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി അഡ്വ കെ എ ലത്തീഫ് പ്രകാശനം ചെയ്തു.