ഭക്തിയുടെ നിറവിൽ ഇളനീർവെപ്പ്, ഇന്ന് ഇളനീരാട്ടം.

 

കൊട്ടിയൂർ:-വൈശാഖ മഹോത്സവത്തിലെ സുപ്രധാന ചടങ്ങുകളിൽ ഒന്നായ ഇളനീർവെപ്പ് ഇന്നലെ രാത്രി അക്കരെ കൊട്ടിയൂരിൽ നടന്നു.ഉത്സവകാലത്തെ നാല് ആരാധനാ പൂജകളിൽ ആദ്യം വരുന്ന തിരുവോണം ആരാധനയും ഇന്നലെ നടന്നു. ആരാധനാ ദിവസങ്ങളിലെ ശീവേലിക്ക് വിശേഷ വാദ്യങ്ങളുണ്ട്. അതോടൊപ്പം സ്വർണ, വെള്ളി പാത്രങ്ങളും എഴുന്നള്ളിക്കുന്ന പൊന്നിൻ ശീവേലിയാണ് ഇന്നലെ നടന്നത്.

ഉച്ചയ്ക്ക് ആരാധനാ സദ്യയും ഉണ്ടായിരുന്നു. വൈകുന്നേരം ആരാധനാ പൂജയ്ക്ക് സ്വയംഭൂ വിഗ്രഹത്തിൽ പാലമൃത് അഭിഷേകവും നടത്തി.വേക്കളത്തെ കരോത്ത് നായർ തറവാട്ടിൽ നിന്നും മുളങ്കുറ്റിയിൽഎഴുന്നള്ളിച്ചുകൊണ്ടുവന്ന പഞ്ചഗവ്യം കൊണ്ടാണ് പാലമൃത് അഭിഷേകം നടത്തിയത്.

പാലമൃത് അഭിഷേകം കഴിഞ്ഞതോടെയാണ് ഇളനീർവെപ്പിന്റെ ചടങ്ങുകൾ ആരംഭിച്ചത്. ഭഗവാന് അഭിഷേകം ചെയ്യാനുള്ള ഇളനീരുമായി കഞ്ഞിപ്പുരകളിൽ നിന്നും ഭക്തർ കാൽനടയായി ഒഴുകിയെത്തി.വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ നിന്ന് എരുവട്ടി തണ്ടയാൻ എള്ളെണ്ണയും ഇളനീരുമായി ഇന്നലെസന്ധ്യയോടെ കൊട്ടിയൂരിലെത്തി. മന്ദംചേരിയിലെത്തിയ വ്രതക്കാർ ഇളനീർവെപ്പിനുള്ള മുഹൂർത്തം കാത്തിരുന്നു. രാത്രിയിലെ പൂജ കഴിഞ്ഞതോടെ കുടിപതിമാരിലെ കാരണവർ വെളളിക്കിടാരം സ്ഥാപിച്ചു.തിരുവഞ്ചിറയിലെ കിഴക്കേ നടയിലെ നിർദ്ദിഷ്ട സ്ഥാനത്ത് കാര്യത്ത് കൈക്കോളൻ തട്ടും പോളയും വെച്ച് രാശി വിളിച്ചതോടെ ഭക്തന്മാർ ഇളനീർക്കാവുകളോടുകൂടിബാവലിപ്പുഴയിൽ മുങ്ങി ക്ഷേത്രത്തിലേക്ക് കുതിച്ച് വലംവെച്ച്തട്ടുംപോളയിലും ഇളനീർക്കാവുകൾ സമർപ്പിച്ചു.തുടർന്ന് ഭണ്ഡാരം പെരുക്കി വീരഭദ്രനെ വണങ്ങിയാണ് മടങ്ങിയത്.

വ്രതക്കാരെല്ലാം ഇളനീർ സമർപ്പിച്ചതോടെ എരുവട്ടി തണ്ടയാൻ പരിവാരസമേതംസന്നിധാനത്തിലെത്തി എണ്ണയും ഇളനീരും സമർപ്പിച്ചതോടെ അക്കരെ സന്നിധിയിലെ ഭക്തിനിർഭരമായ ഇളനീർവെപ്പ് അവസാനിച്ചു.ഇന്ന്, അഷ്ടമി നാളിലാണ് ഇളനീരാട്ടം.ഭക്തർ സമർപ്പിച്ച ഇളനീർ രാവിലെ മുതൽ കാര്യത്ത് കൈക്കോളന്റെ നേതൃത്വത്തിൽ ചെത്തിയൊരുക്കി മുഖമണ്ഡപത്തിൽ സമർപ്പിക്കും.വൈകിട്ട്ആയിരംകുടം അഭിഷേകം കഴിഞ്ഞ് ഒറ്റ നവകം. ഇന്ന് അത്താഴപൂജയും ശീവേലിയും ഉണ്ടാകില്ല. രാത്രി കൊട്ടേരിക്കാവിൽ നിന്നും മുത്തപ്പൻ ദൈവം വരവ് എന്നൊരു ചടങ്ങും ഇന്ന് നടക്കും. ദൈവം വരവിന് ശേഷം രാശി വിളിക്കുന്നതോടെ ഇളനീരഭിഷേകത്തിന് അരങ്ങൊരുങ്ങും.ഉത്സവത്തിലെ രണ്ടാമത്തെ ആരാധനയായ അഷ്ടമി ആരാധനയും ഇന്ന് നടക്കും. വിശേഷമായി ഭണ്ഡാര അറ വാതിൽക്കൽ അഷ്ടമിപ്പാട്ടും ഉണ്ടാകും.

Previous Post Next Post