കുറുവ:- കുറുവ പാലത്തിന് മുകളിൽനിന്ന് പുഴയിലേക്ക് ചാടിയ യുവതിയെ പോലീസുകാർ രക്ഷപ്പെടുത്തി. മരക്കാർക്കണ്ടി സ്വദേശിനിയായ 27-കാരിയാണ് കാനാമ്പുഴയിലേക്ക് ചാടിയത്. വ്യാഴാഴ്ച വൈകീട്ട് 4.05-നാണ് സംഭവം. ഈ സമയം പട്രോളിങ്ങിന്റെ ഭാഗമായി സിറ്റി എസ്.ഐ. ആർ.പി. വിനോദും എ.എസ്.ഐ. ടി. സുമേഷും പാലത്തിനടുത്തുണ്ടായിരുന്നു. സിറ്റി ഭാഗത്തുനിന്ന് റോഡരികിലൂടെ നടന്നുവരികയായിരുന്ന സ്ത്രീയുടെ നടത്തത്തിൽ അസ്വാഭാവികത മനസ്സിലാക്കിയ പോലീസ് ഇവരെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് പാലത്തിൽനിന്ന് പുഴയിലേക്ക് ചാടിയ യുവതിയെ എസ്.ഐ. തടയാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
ഉടൻ എസ്.ഐ.യും എ.എസ്.ഐ.യും പുഴയിലിറങ്ങി യുവതിയെ പിടിച്ച് കരയിലേക്ക് കയറ്റുകയായിരുന്നു. ചെളിയും മാലിന്യങ്ങളും നിറഞ്ഞ ഭാഗത്താണ് യുവതി ചാടിയത്. യുവതിയെ കണ്ണൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.