മിഴിനീരും സ്‌നേഹവും നിറച്ച് വയോജനങ്ങളുടെ ഫ്‌ളാഷ് മോബ്

 


കണ്ണൂർ:-'യേ ദോസ്തീ ഹം നഹീം തോഡേംഗേ'-ഈ സൗഹൃദം ഞങ്ങൾ ഒരിക്കലും തകർക്കില്ല. അർഥവത്തായ ഈ ഹിന്ദി ഗാനത്തിന് അവർ, മുത്തശ്ശൻമാരും മുത്തശ്ശിമാരും  ചുവടുവെച്ചപ്പോൾ കാണികളുടെ കണ്ണിൽ സ്‌നേഹത്തിനൊപ്പം കണ്ണുനീരിന്റെ നനവും പടർന്നു. വയോജനങ്ങളോടുള്ള അതിക്രമങ്ങൾക്കെതിരെ സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ബോധവത്കരണ പരിപാടിയുടെ ഭാഗമായാണ് ബുധനാഴ്ച വൈകീട്ട് കലക്ടറേറ്റ് ആംഫി തിയറ്ററിൽ കണ്ണൂർ താളിക്കാവ് സായംപ്രഭാ പകൽവീട്ടിലെ വയോജനങ്ങളുടെ ഫ്ളാഷ് മോബ് അരങ്ങേറിയത്. വാർധക്യം മാറ്റിനിർത്തേണ്ടപ്പെടേണ്ടതോ മുറിയിൽ തളച്ചിടപ്പെടേണ്ടതോ അല്ലെന്ന് അവർ നിശ്ശബ്ദം വിളംബരം ചെയ്തു.

പ്രായത്തിന്റെ അവശതകളുമായാണ് പകൽവീട്ടിലെ 15 സ്ത്രീകളും മൂന്ന് പുരുഷൻമാരുമടങ്ങിയ സംഘം ആംഫി തിയ്യറ്ററിൽ എത്തിയത്. എന്നാൽ പാട്ട് തുടങ്ങിയതോടെ പ്രായം മറന്ന് അവർ മതിമറന്നാടി. 60കാരിയായ താളിക്കാവിലെ പ്രസന്ന മുതൽ 81 വയസുള്ള സുരേന്ദ്രൻ വരെ ഇക്കൂട്ടത്തിലുണ്ടായിരുന്നു. പകൽവീട് കെയർ ഗിവർ സജിന നസീറിന്റെ നേതൃത്വത്തിൽ നാല് ദിവസം കൊണ്ടാണ് ചുവടുകൾ പഠിച്ചത്. നിറഞ്ഞ സദസ്സ് കരഘോഷത്തോടെ പ്രോത്സാഹിപ്പിച്ചതോടെ ഏറെ സന്തോഷത്തോടെയാണ് ഇവർ മടങ്ങിയത്. കാണിയായി ജില്ലാ കലക്ടർ എസ് ചന്ദ്രശേഖറും ഉണ്ടായിരുന്നു. കുയിലിനെ തേടി എന്ന ഗാനത്തോടെ ആരംഭിച്ച ഫ്ളാഷ് മോബ് 'യേ ദോസ്തീ ഹം നഹീം തോഡേംഗേ' എന്ന ഗാനത്തോടെയാണ് സമാപിച്ചത്.

Previous Post Next Post