കൊളച്ചേരി :- കൊളച്ചേരി പാടിയിൽ കയരളംമൊട്ട റോഡിൽ മാലിന്യം തള്ളാനെത്തിയ ലോറി നാട്ടുകാർ പിടികൂടി. വെള്ളിയാഴ്ച പകൽ ഒന്നരയോടെയാണ് സംഭവം.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മയ്യിൽ പൊലീസ് സ്ഥലത്തെത്തി. വഴിയിൽ തള്ളിയ മാലിന്യം തിരിച്ചെടുപ്പിക്കുകയും ലോറി കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഭവത്തിൽ നാലാംപീടിക സ്വദേശികളായ അബ്ദുൽ നാസർ (20 അബ്ദു (60) എന്നിവർക്കെതിരെ കേസെടുത്തു.
മറ്റു സ്ഥലങ്ങളിൽ നിന്നും ശേഖരിച്ച വീട്ടുവളപ്പിലെയും കടമുറികളിലെയും മാലിന്യങ്ങളുമായാണ് ലോറിയെത്തിയത്. വഴിയരികിലെ ജാലാശയത്തിൽ മാലിന്യം തള്ളുന്നത് കണ്ട നാട്ടുകാർ ചേർന്ന് തടഞ്ഞുനിർത്തുകയായിരുന്നു. ആളൊഴിഞ്ഞ പ്രദേശമായ ഇവിടെ ഇടക്കിടെ മാലിന്യം തള്ളുന്നത് പതിവാണ്. സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് നിക്ഷേപിക്കാൻ എന്നവ്യാജേനയാണ് വാഹനങ്ങളിൽ മാലിന്യംകൊണ്ടുവരാറുള്ളത്. വ്യാപകമായി മാലിന്യം കൊണ്ടുതള്ളിയ ഇവിടെ മാലിന്യകൂമ്പാരമായിരിക്കുകയാണ്. മഴക്കാലങ്ങളിൽ ഈ മാലിന്യങ്ങളിലൂടെ മലിനജലമൊഴുകി സമീപ വാസികൾക്കൊക്കെ ശുദ്ധജല ഭീഷണിയാകുന്നുണ്ട്.