കൊല്ലം സ്വദേശിക്ക് വാനര വസൂരി

 

തിരുവനന്തപുരം:യു.എ.ഇ.യിൽനിന്നെത്തിയ കൊല്ലം സ്വദേശിക്ക് വാനര വസൂരി (മങ്കി പോക്സ്) സ്ഥിരീകരിച്ചു. രാജ്യത്ത്‌ ആദ്യത്തേതാണിത്.

12-ന് യു.എ.ഇ.യിൽനിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മുപ്പത്തിയഞ്ചുകാരനെ ആദ്യം കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും അവിടെനിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിരുന്നു. പുണെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കയച്ച സാംപിൾ പോസിറ്റീവാണെന്ന് വ്യാഴാഴ്ച വൈകുന്നേരമാണ് സ്ഥിരീകരണം ലഭിച്ചത്.

ഇയാളുടെ അച്ഛൻ, അമ്മ, വിമാനത്താവളത്തിൽനിന്ന് കൊല്ലത്തേക്ക് കൊണ്ടുപോയ ടാക്സിഡ്രൈവർ, ആശുപത്രിയിലേക്ക് കൊണ്ടുപോയ ഓട്ടോറിക്ഷാഡ്രൈവർ, വിമാനത്തിൽ അടുത്തിരുന്ന്‌ യാത്രചെയ്ത 11 പേർ എന്നിവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

യു.എ.ഇ.യിലെ സുഹൃത്തിന് രോഗം സ്ഥിരീകരിച്ചിരുന്നതിനാൽ പരമാവധി സുരക്ഷപാലിച്ചാണ് യാത്ര ചെയ്തതെന്നും അടുത്തിരുന്ന യാത്രക്കാർക്ക് രോഗം വരാനുള്ള സാധ്യത കുറവാണെന്നും മന്ത്രി വീണാ ജോർജ് അറിയിച്ചു. എല്ലാജില്ലകൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

Previous Post Next Post