തളിപ്പറമ്പ് :- കോടികളുമായി മുങ്ങിയ യുവാവിന്റെ കാണാതായ സഹായിയെ പോലീസ് കണ്ടെത്തി. മഴൂരിലെ കുന്നുംപുറത്ത് പുതിയപുരയില്‍ ടി.പി.സുഹൈറിനെയാണ്(26) ഇന്നലെ പോലീസ് കണ്ടെത്തിയത്. തടിക്കടവിലെ സഹോദരിയുടെ വീട്ടില്‍വെച്ചാണ് പോലീസ് സുഹൈറിനെ കണ്ടെത്തിയത്. തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്ന് സൂഹൈര്‍ പോലീസിനോട് പറഞ്ഞു.
സൂഹൈറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ജൂലായ് 23 മുതല്‍ സുഹൈറിനെ കാണാനില്ലെന്ന് മാതാവ് തറച്ചാണ്ടിലകത്ത് വീട്ടില്‍ ആത്തിക്ക ഇന്നലെ പോലീസില്‍ പരാതി നല്‍കിയിരുന്നു. 23 ന് രാവിലെ വീട്ടില്‍ നിന്ന് പോയ സൂഹൈര്‍ 24 ന് ഫോണില്‍ വിളിച്ച് തളിപ്പറമ്പിലുണ്ടെന്നും വീട്ടിലേക്ക് വരികയാണെന്നും പറഞ്ഞുവെങ്കിലും വന്നില്ലെന്നും മൊബൈല്‍ സ്വിച്ചോഫ് ചെയ്തിരിക്കയാണെന്നും പരാതിയില്‍ പറഞ്ഞിരുന്നു.
സുഹൈര്‍ പണം തട്ടിയെടുത്ത് മുങ്ങിയ യുവാവിന്റെ മല്‍സ്യവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനും നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ പ്രവര്‍ത്തിച്ചയാളുമായിരുന്നുവെന്ന് പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ നൂറുകോടി രൂപയുമായി മുങ്ങിയ യുവാവിനെക്കുറിച്ച് ഇതേവരെ പോലീസില്‍ പരാതികളൊന്നും ലഭിക്കാത്തതിനാല്‍ കേസെടുത്തിട്ടില്ല. പക്ഷെ, അന്വേഷണം ഊര്‍ജ്ജിതമായി നടക്കുന്നുണ്ട്. കേന്ദ്ര ഏജന്‍സികള്‍ കൂടി അന്വേഷണങ്ങല്‍ നടത്തുന്നതിനാല്‍ പ്രശ്നം കൂടുതല്‍ ഗുരുതരമായി മാറുകയാണ്.