ജില്ലക്ക് ജൈവവൈവിധ്യത്തിന്റെ പകിട്ടേകി 125 പച്ചത്തുരുത്തുകൾ

 


കണ്ണൂർ:- ജൈവവൈവിധ്യ സംരക്ഷണത്തിന് പുതിയ മുഖം നൽകാൻ സംസ്ഥാന സർക്കാർ ആരംഭിച്ച പച്ചത്തുരുത്ത് പദ്ധതിയിൽ ജില്ലയിൽ ഒരുങ്ങിയത് 125 ചെറുവനങ്ങൾ. അതിജീവനത്തിനായി ചെറുവനങ്ങൾ നിർമിച്ച് സ്വാഭാവിക ആവാസ വ്യവസ്ഥ പുനസ്ഥാപിക്കാനാണ് പച്ചത്തുരുത്ത് പദ്ധതി ആരംഭിച്ചത്.

ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 83.44 ഏക്കറിലാണ് പച്ചത്തുരുത്ത് ഒരുക്കിയത്. ഇവയിലാകെ 22,099 ചെടികൾ നട്ടുപിടിപ്പിച്ചു. 125 തുരുത്തുകളിൽ 96 എണ്ണം വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ പൊതു ഇടങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കാവുകൾ, പാർക്കുകൾ, ശ്മശാനങ്ങൾ തുടങ്ങിയ ഇടങ്ങളിലാണ്. 73.01 ഏക്കർ സ്ഥലത്താണ് ഇവ സ്ഥിതി ചെയ്യുന്നത്. 

ഒരു സെന്റ് മുതൽ അഞ്ച് ഏക്കർ വരെ വിസ്തൃതിയിയുള്ള ചെറുവനങ്ങൾ ജില്ലയിലുണ്ട്. അഞ്ച് ഏക്കറിൽ മുഴക്കുന്ന് പഞ്ചായത്ത് അയ്യപ്പൻ കാവിൽ ഒരുക്കിയതാണ് ഇവയിൽ ഏറ്റവും വലുത്. കൂടാളി ഗ്രാമപഞ്ചായത്തിലാണ് കൂടുതൽ തുരുത്തുകൾ നിർമിച്ചത്-13 എണ്ണം. കുറുമാത്തൂരിൽ പത്തെണ്ണവും ഉദയഗിരി, പടിയൂർ, മയ്യിൽ പഞ്ചായത്തുകളിൽ നാല് എണ്ണം വീതവും ഒരുക്കി. കണ്ണപുരം, ചെങ്ങളായി, പരിയാരം, വേങ്ങാട്, പെരളശ്ശേരി എന്നിവിടങ്ങളിൽ മൂന്ന് വീതം, അഴീക്കോട്, കടന്നപ്പള്ളി, കാങ്കോൽ- ആലപ്പടമ്പ്, കുറ്റിയാട്ടൂർ, ചെറുതാഴം, ധർമടം, പട്ടുവം, പെരിങ്ങോം, പായം, കണിച്ചാർ ഗ്രാമപഞ്ചായത്തുകളിലും തലശ്ശേരി, മട്ടന്നൂർ നഗരസഭകളിലും രണ്ട് വീതം, അഞ്ചരക്കണ്ടി, എരഞ്ഞോളി, കേളകം, കോളയാട്, ചപ്പാരപ്പടവ്, ചിറക്കൽ, ചെമ്പിലോട്, ചെറുകുന്ന്, തളിപ്പറമ്പ്, തൃപ്രങ്ങോട്ടൂർ, പന്ന്യന്നൂർ, പയ്യാവൂർ, പാപ്പിനിശ്ശേരി, പിണറായി, മലപ്പട്ടം, മാങ്ങാട്ടിടം, മുണ്ടേരി, മുഴക്കുന്ന്, മുഴപ്പിലങ്ങാട് എന്നീ പഞ്ചായത്തുകളിലും കൂത്തുപറമ്പ്, ആന്തൂർ, ശ്രീകണ്ഠാപുരം നഗരസഭകളിലും ഓരോന്നുമാണ് സജ്ജമാക്കിയത്.

വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ ആരാധനാലയങ്ങളിൽ കീഴിലുള്ള സ്ഥലങ്ങളിലും പച്ചത്തുരുത്ത് നിർമ്മിച്ചു. ദേവഹരിതം പച്ചത്തുരുത്ത് എന്നപേരിൽ 29 തുരുത്തുകളാണ് ഇങ്ങനെ ഒരുക്കിയത്. ഇവയുടെ മൊത്തം വിസ്തൃതി 10.43 ഏക്കർ വരും.

Previous Post Next Post