മയ്യിൽ:-മയ്യിൽ ഗ്രാമപഞ്ചായത്തിലെ കോറളായി ദ്വീപിലെ കരിയിടിച്ചൽ തടയാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. കോറളായി ദ്വീപിലെ പുഴയോരം സന്ദർശിച്ച ശേഷമാണ് മന്ത്രി പ്രദേശവാസികൾക്ക് ഉറപ്പ് നൽകിയത്.
സംരക്ഷണ ഭിത്തി നിർമ്മിക്കാനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കാൻ ജലസേചന വകുപ്പിന് മന്ത്രി നിർദേശം നൽകി. കോറളായി പാലം നിർമ്മിക്കുമ്പോൾ പുഴയിൽ കൂട്ടിയിട്ട മണ്ണ് നീക്കം ചെയ്തിട്ടില്ലെന്ന് പ്രദേശവാസികൾ മന്ത്രിയെ അറിയിച്ചു. അത് പരിശോധിക്കാനും അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
മയ്യിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ കെ റിഷ്‌ന, സ്ഥിരം സമിതി അധ്യക്ഷൻ എം രവി, വാർഡ് അംഗം എ പി സുചിത്ര, തഹസിൽദാർ കെ ചന്ദശേഖരൻ, ഇറിഗേഷൻ വകുപ്പ് എക്‌സിക്യുട്ടീവ് എഞ്ചിനീയർ ടി എം ശരത്ത്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.