കാസർകോട്:- ചെയ്യാത്ത തെറ്റിന്റെ പേരിൽ മോഷണക്കുറ്റം ആരോപിക്കപ്പെട്ടതിലും തുടർന്നുണ്ടായ മാനസിക ഉപദ്രവത്തിലും മനംനൊന്ത് ജീവനൊടുക്കി. കാസർകോട് സ്വദേശിനി ജസീലയാണ് മരണപ്പെട്ടത്. അയൽവാസിയുടെ ഒൻപതര പവൻ സ്വർണം മോഷ്ടിച്ചുവെന്ന ആരോപണത്തെ തുടർന്നുണ്ടായ കടുത്ത മാനസിക സമ്മർദ്ദമാണ് മരണത്തിലേക്ക് നയിച്ചതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
മരണത്തിന് മുൻപ് ജസീല ചിത്രീകരിച്ച ഹൃദയഭേദകമായ വീഡിയോ സന്ദേശം പുറത്തുവന്നു. അയൽവാസിയായ സുഹൃത്തും, കുടുംബവും ചേർന്ന് തന്നെ ക്രൂരമായി അപമാനിച്ചുവെന്നും തനിക്ക് അറിവില്ലാത്ത കാര്യത്തിനാണ് തന്നെ കുറ്റക്കാരിയാക്കുന്നതെന്നും ജസീല വീഡിയോയിൽ കരഞ്ഞുകൊണ്ട് പറയുന്നു..
'എന്റെ സത്യം ആരും വിശ്വസിക്കുന്നില്ല. എടുക്കാത്ത ആഭരണം ഞാൻ എങ്ങനെ തിരിച്ചു കൊടുക്കും? ഞാൻ മരിച്ച ശേഷമെങ്കിലും ഇതിന്റെ സത്യം തെളിയണം. എനിക്കും മക്കൾക്കും മാത്രമേ ഈ മരണം കൊണ്ട് നഷ്ടമുള്ളൂ.'
മോഷണക്കുറ്റത്തിന് പുറമെ ജസീലയുടെ സ്വഭാവത്തെ മോശമായി ചിത്രീകരിക്കുന്ന തരത്തിലുള്ള അപവാദ പ്രചാരണങ്ങളും അയൽവാസികൾ നടത്തിയതായി പരാതിയുണ്ട്. ഈ ആരോപണങ്ങൾ വിശ്വസിച്ച് ഭർത്താവും വീട്ടുകാരും തന്നെ മാനസികമായി ഉപദ്രവിച്ചെന്നും ജസീല വീഡിയോയിൽ വെളിപ്പെടുത്തി. താൻ മരിച്ചാൽ മക്കൾക്ക് ഈ സമൂഹത്തിൽ തലയുയർത്തി ജീവിക്കാൻ കഴിയില്ലെന്ന ഭയത്താലാണ് അവരെയും കൂടെ കൊണ്ടുപോകുന്നതെന്ന് യുവതി വിങ്ങലോടെ കൂട്ടിച്ചേർത്തു..
നീതിയന്വേഷിച്ച് ചെന്നപ്പോൾ പൊലീസ് തന്നെ കുറ്റക്കാരിയായി കാണാനാണ് ശ്രമിച്ചതെന്ന് ജസീല ആരോപിക്കുന്നു. പരാതി നൽകാൻ ശ്രമിച്ചെങ്കിലും അത് സ്വീകരിക്കാൻ പൊലീസ് തയ്യാറായില്ലെന്നും, തന്നെ നാണംകെടുത്തുന്ന സമീപനമാണ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായതെന്നും വീഡിയോയിൽ പറയുന്നുണ്ട്.
ജസീലയുടെ മരണത്തിന് ഉത്തരവാദികളായ അയൽവാസിക്കും, കുടുംബത്തിനുമെതിരെ കർശന നടപടി വേണമെന്നാണ് വീട്ടുകാരുടെ ആവശ്യം. യുവതിയുടെ മരണമൊഴിയായി പരിഗണിക്കാവുന്ന വീഡിയോ സന്ദേശവും കുറിപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു..
