പെരുമ്പാവൂര്‍ പ്രസ്സ് ക്ലബ്ബിന്റെ ആധിപത്യം ഇനി ഓണ്‍ ലൈന്‍ മാധ്യമ സംഘടനയായ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡിന്


തിരുവനന്തപുരം :
 - പെരുമ്പാവൂര്‍ പ്രസ്സ് ക്ലബ്ബിന്റെ ആധിപത്യം ഇനി ഓണ്‍ ലൈന്‍ മാധ്യമ സംഘടനയായ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡിന്. ഇത് സംബന്ധിച്ച ട്രേഡ് മാര്‍ക്ക് രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായി. സംഘടനയുടെ സെക്രട്ടറി അനൂപ്‌ വി.ജോണിന്റെ (അനൂപ്‌ വീപ്പനാടന്‍) പേരിലായിരുന്നു അപേക്ഷ നല്‍കിയത്. പെരുമ്പാവൂരിലെ പ്രസ്സ് ക്ലബ്ബില്‍ ആര്‍ക്കും അയിത്തം കല്‍പ്പിക്കില്ലെന്നും നിയമപരമായി പ്രവര്‍ത്തിക്കുന്ന വെബ്‌ ചാനലുകള്‍ക്ക് ഇവിടെ പ്രവേശനം നല്‍കുമെന്നും പ്രസ്സ് ക്ലബ്ബിന്റെ ചുമതലയുള്ള അനൂപ്‌ വീപ്പനാടന്‍ (മംഗളം ന്യൂസ്) പറഞ്ഞു.

പ്രസ് ക്ലബ്ബുകളില്‍ നിന്നും കടുത്ത അവഗണനയാണ് ഓണ്‍ ലൈന്‍ മാധ്യമങ്ങള്‍ക്ക് നേരിടേണ്ടി വരുന്നത്. പത്രമാധ്യമങ്ങളുടെ ആധിപത്യമാണ്‌ ഇവിടെ നടക്കുന്നത്. നിമിഷംപ്രതി വാര്‍ത്തകള്‍ അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്ന ഓണ്‍ ലൈന്‍ മാധ്യമങ്ങള്‍ തങ്ങളുടെ നിലനില്‍പ്പിന് ഭീഷണിയാണെന്ന തിരിച്ചറിവാണ് ഇതിനുപിന്നിലെന്ന് ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്‌ ഭാരവാഹികള്‍ പറഞ്ഞു. പ്രസ്സ് ക്ലബ്ബുകളില്‍ കടന്നുചെന്ന് വാര്‍ത്തകള്‍ ശേഖരിക്കുവാന്‍ പ്രിന്റ്‌ മീഡിയകളിലെ മാധ്യമപ്രവര്‍ത്തകരാണ് തടസ്സം നില്‍ക്കുന്നത്. രാവിലെ 11 മണിക്ക് പ്രസ്സ് ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനം നടത്തിയാല്‍ അത് പിറ്റേദിവസം പത്രത്താളുകളില്‍ അച്ചടിച്ചുവരുമ്പോള്‍ മാത്രം ജനങ്ങള്‍ അറിഞ്ഞാല്‍ മതിയെന്ന ദുശ്ശാഠ്യമാണ് ഇതിനു കാരണം.

എല്ലാ മാധ്യമപ്രവര്‍ത്തകര്‍ക്കും വാര്‍ത്തകള്‍ ശേഖരിക്കുവാന്‍ കഴിയുംവിധം കേരളത്തിലെ പ്രധാന സ്ഥലങ്ങളില്‍ പ്രസ്സ് ക്ലബ്ബുകള്‍ രൂപീകരിക്കുമെന്ന് ഓണ്‍ ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്‌  പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനം (പത്തനംതിട്ട മീഡിയ), ജനറല്‍ സെക്രട്ടറി ജോസ് എം.ജോര്‍ജ്ജ് (കേരളാ ന്യുസ്), ട്രഷറര്‍ വിനോദ് അലക്സാണ്ടര്‍ (വി.സ്കയര്‍ ടി.വി), വൈസ് പ്രസിഡന്റ് എമില്‍ ജോണ്‍ (കേരളാ പൊളിറ്റിക്സ്), സെക്രട്ടറി അനൂപ്‌ വീപ്പനാടന്‍ (മംഗളം ന്യൂസ്), സജിത്ത് ഹിലാരി (ന്യുസ് ലൈന്‍ കേരളാ 24) എന്നിവര്‍ പറഞ്ഞു.

Previous Post Next Post