ആഴീക്കലിൽ മീൻപിടിത്ത വള്ളം മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്

 


അഴീക്കൽ :_ മീനുമായി കരയിലേക്ക് വരികയായിരുന്ന വള്ളം മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു. നീർക്കടവിലെ പി.പി. അജിത്ത് (50), പാച്ചി വീട്ടിൽ രമേശൻ (52) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂരിൽ സ്വകാര്യ ആസ്പത്രിയിലാക്കി.

ശനിയാഴ്ച ഉച്ചയോടെ അഴീക്കൽ അഴിമുഖത്തിന് സമീപമാണ് അപകടം. അഴീക്കലിൽനിന്ന് ശനിയാഴ്ച രാവിലെ 30 പേരുമായി മീൻപിടിക്കാൻ പോയ ചെഗുവേര എന്ന വള്ളത്തിന്റെ രണ്ട് അനുബന്ധ തോണികളാണ് ശക്തമായ തിരയിൽ കൂട്ടിയിടിച്ച് കയർ പൊട്ടി മറിഞ്ഞത്. ഇവയിൽ നാലുപേരാണ് ഉണ്ടായിരുന്നത്. രണ്ടുപേർ കടലിൽ ചാടി രക്ഷപ്പെട്ടു.

കൂട്ടിയിടിയിൽ തോണിക്ക് കേടുപറ്റി. മറൈൻ എൻഫോഴ്സ്‌മെന്റ്, കോസ്റ്റൽ പോലീസ് എന്നിവയുടെ സഹായത്തോടെയാണ് പരിക്കേറ്റവരെ ആസ്പത്രിയിലെത്തിച്ചത്.

അപകടത്തിൽപ്പെട്ട തോണി പിന്നീട് അഴീക്കൽ ജെട്ടിയിലേക്ക് കൊണ്ടുവന്നു. രണ്ട് തോണിയിലും നിറയെ മീനുകൾ ഉണ്ടായിരുന്നു. പിടിച്ച മീനുകൾ കുറെ ഭാഗം കടലിൽ നഷ്ടപ്പെട്ടു.

Previous Post Next Post