മയ്യിൽ :- കയരളം എ യു പി സ്കൂളിൽ ചിങ്ങം ഒന്നിന് കർഷക ദിനാഘോഷത്തിൻ്റെ ഭാഗമായി സ്കൂളിന് മുൻപിലെ പതിനഞ്ച് സെൻ്റ് ഭൂമിയിൽ പച്ചക്കറി കൃഷിക്ക് തുടക്കമായി.
കൃഷി ഭവൻ ഉദ്യോഗസ്ഥരും വാർഡ് മെമ്പറും പഞ്ചായത്തിൻ്റെ കാർഷിക വർക്കിംഗ് ഗ്രൂപ്പ് ചെയർപേഴ്സണും ആയ ശ്രീമതി ശാലിനിയും മേച്ചേരി പാടശേഖര സമിതി സെക്രട്ടറി ശ്രീ നാരായണനും സ്കൂൾ അധ്യാപകരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
മയ്യിൽ പഞ്ചായത്തിലെ കർഷക ദിനാഘോഷത്തിൻ്റെ ഭാഗമായി മികച്ച വിദ്യാർത്ഥി കർഷക അവാർഡ് നേടിയ കുമാരി അർച്ചനയുടെ നേതൃത്വത്തിൽ കയരളം എ യൂ പി സ്കൂളിലെ കുട്ടികൾ ശാസ്ത്രീയ കൃഷി രീതികൾ തങ്ങളുടെ കുഞ്ഞു കൃഷിയിടത്തിൽ പരീക്ഷിക്കാനുള്ള ഒരുക്കത്തിലാണ്.നന്നായി കുമ്മായമിട്ട് ടില്ലർ ഉപയോഗിച്ച് നിലമൊരുക്കിയ മണ്ണിൽ വേപ്പിൻ പിണ്ണാക്കും ചാണകപ്പൊടിയും അടിവളമായി നൽകിയിട്ടുണ്ട്.
സ്കൂളിലെ ഉദ്യോഗസ്ഥനും പ്രദേശത്തെ മികച്ച പച്ചക്കറി കർഷകനുമായ പ്രകാശനും സ്കൂളിലെ കൃഷി ക്ലബിനോടും വിദ്യാർഥികൾക്കും ഒപ്പം എല്ലാ സഹായങ്ങളുമായി കൂടെ ഉണ്ട്.
സ്കൂളിലെ ഉച്ച ഭക്ഷണത്തിന് ആവശ്യമായ എല്ലാ പച്ചക്കറികളും ജൈവിക കൃഷി രീതികൾ ഉപയോഗിച്ച് ശാസ്ത്രീയമായി സ്വന്തമായി ഉത്പാദിപ്പിക്കും എന്ന വാശിയിൽ ആണ് കുട്ടികൾ.