കുറ്റ്യാട്ടൂർ:-ലോകമാകെ മാമ്പഴ മാധുര്യം പകർന്ന കുറ്റിയാട്ടൂർ മാങ്ങയുടെ വിപണന സാധ്യത വർദ്ധിപ്പിക്കാനൊരുങ്ങി കുറ്റിയാട്ടൂർ ഗ്രാമപഞ്ചായത്ത്. ഇതിനായി വെള്ളുവയലിലെ മാംഗോ പ്രൊഡ്യൂസേഴ്സ് കമ്പനി വിപുലപ്പെടുത്തി മാംഗോ പാർക്കാക്കും. സംഭരണം, ശീതീകരണം, സംസ്കരണം, ഗവേഷണം എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. ഭൗമസൂചിക പദവി ലഭിച്ച കുറ്റിയാട്ടൂർ മാങ്ങയോടൊപ്പം ഇവിടുത്തെ മാവിലയും ഇപ്പോൾ പ്രശസ്തമാണ്. അതിനൊപ്പമാണ് നാടിന്റെ മുഖച്ഛായ മാറ്റുന്ന പദ്ധതിക്ക് ഗ്രാമപഞ്ചായത്ത് തയ്യാറെടുക്കുന്നത്.
മാങ്ങയുടെ വിപണനവും ഉത്പാദനവും ഉയർത്തുന്നതിനൊപ്പം കൂടുതൽ ജനപങ്കാളിത്തവും ഉറപ്പാക്കും. കർഷകരുടെ സമഗ്ര വികസനവും ലക്ഷ്യമിടുന്നു. മാംഗോ പാർക്കിൽ മാങ്ങ സംഭരിക്കാനും ശീതീകരിക്കാനും സംസ്കരിക്കാനുമുള്ള സൗകര്യത്തിനൊപ്പം ഗവേഷണം നടത്താനുള്ള ക്രമീകരണവും ഒരുക്കും. പഞ്ചായത്തിനെ മാവുകളുടെ കേന്ദ്രമായി ഉയർത്തുന്നതിനൊപ്പം ഉൽപ്പാദിപ്പിക്കുന്ന മുഴുവൻ മാങ്ങകളുടെയും ഗുണനിലവാരം ഉറപ്പാക്കും. മാങ്ങകളുടെയും മണ്ണിന്റെയും പ്രത്യേകത ഉൾപ്പടെ വിശദമായ പഠനത്തിന് വിധേയമാക്കും. നഴ്സറി, കുറ്റിയാട്ടൂർ മാങ്ങയെ കുറിച്ചുള്ള പഠനം, വിളവെടുപ്പിന് ആധുനിക സൗകര്യങ്ങൾ, സംഭരിക്കാനും ഗ്രേഡ് തിരിച്ച് പാക്ക് ചെയ്യാനുമുള്ള സൗകര്യം, വിപുലമായ കോൾഡ് സ്റ്റോറേജ്, മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ നിർമാണം, വിപണന കേന്ദ്രങ്ങൾ, ഓൺലൈൻ വിപണന മാർഗങ്ങൾ തുടങ്ങിയ പാർക്ക് യാഥാർഥ്യമാകുന്നതോടെ ഒരു കുടക്കീഴിലാകും.
പഞ്ചായത്തിലെ 300 ഹെക്ടറോളം സ്ഥലത്ത് 2500ഓളം മാവുകളാണുള്ളത്. ഇതിൽ നിന്ന് 4000 മുതൽ 6000 ടൺ വരെ മാങ്ങകൾ വിളവെടുക്കുന്നു. പദ്ധതി നടപ്പാക്കുന്നതോടെ ഉൽപ്പാദനവും തൊഴിലവസരങ്ങളും വർദ്ധിക്കും. പ്രൊജക്ട് റിപ്പോർട്ട് തയ്യാറാക്കാൻ 5 ലക്ഷം രൂപ പഞ്ചായത്ത് വകയിരുത്തി. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് റിപ്പോർട്ട് തയ്യാറാക്കാനുള്ള ചുമതല. റിപ്പോർട്ട് തയ്യാറാക്കിയാൽ നബാഡുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുക