ദില്ലി: - കർത്തവ്യപഥ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ഇന്ത്യാഗേറ്റിന് സമീപം സ്ഥാപിച്ച നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ പ്രതിമയും പ്രധാനമന്ത്രി ചടങ്ങില്‍ അനാച്ഛാദനം ചെയ്തു. സെന്‍ട്രല്‍ വിസ്ത പദ്ദതിയുടെ ഭാഗമായി 608 കോടി രൂപ മുടക്കിയാണ് കർത്തവ്യ പഥ് ഉൾപ്പെടുന്ന സെന്‍ട്രല്‍ വിസ്ത അവന്യൂ പുതുക്കി പണിതത്. പൊതുജനങ്ങൾക്കായി കാല്‍നടപ്പാത, ശുചിമുറികൾ അടക്കം കൂടുതല്‍ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഇതുവരെ രാജ്‍പഥ് എന്നറിയപ്പെട്ടിരുന്ന വീഥി കഴിഞ്ഞ ദിവസമാണ് പുനർ നാമകരണം ചെയ്യാന്‍ എന്‍ഡിഎംസി ഔദ്യോഗികമായി തീരുമാനമെടുത്തത്. ചടങ്ങിന് മുന്നോടിയായി ദില്ലി നഗരത്തില്‍ 6 മണി മുതല്‍ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു.
ഇന്ത്യയുടെ മുഖമുദ്രയായ ദില്ലി നഗര ഹൃദയത്തിലെ വീഥി ഇനി കർത്തവ്യ പഥ് എന്ന് അറിയപ്പെടും. ബ്രിട്ടീഷ് ഭരണകാലത്ത് ഭരണാധികാരി ജോർജ് അഞ്ചാമനോടുള്ള ബഹുമാന സൂചകമായാണ് രാജ്യത്തിന്‍റെ ഭരണസിരാ കേന്ദ്രത്തിലേക്കുള്ള വഴിക്ക് കിങ്സ് വേ എന്ന് നേരത്തെ പേരിട്ടത്. സ്വാതന്ത്ര്യത്തിന് ശേഷം അത് രാജ്‍പഥ് ആയി മാറി. കോളനി വാഴ്ചയുടെ ശേഷിപ്പുകൾ തുടച്ചുനീക്കി അടിമത്ത മനോഭാവം ഇല്ലാതാക്കുമെന്ന് എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍ നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം നാവിക സേനയുടെ പതാകയില്‍നിന്നും സെന്‍റ് ജോർജ് ക്രോസ് മുദ്ര നീക്കി പുതിയ പതാക ഉയർത്തിയിരുന്നു. നേരത്തെ പ്രധാനമന്ത്രിയുടെ വസതിയിലേക്കുള്ള വഴിയായ റേസ് കോഴ്സ് റോഡിന്‍റെ പേര് ലോക് കല്യാൺ മാർഗ് എന്ന് മാറ്റിയിരുന്നു.