കണ്ണാടിപ്പറമ്പ്:- കൃഷിയും കൃഷി രീതികളും അന്യമായി കൊണ്ടിരിക്കുന്ന ആധുനിക കാലഘട്ടത്തിൽ കൃഷിയെയും കൃഷി രീതിയെക്കുറിച്ച് പഠിക്കാൻ 'പഠനം പാടത്തിലൂടെ ' പരിപാടി സംഘടിപ്പിച്ച് കണ്ണാടിപറമ്പ് എൽ.പി.സ്കൂൾ.
മൂന്നാം ക്ലാസിലെ നൻമ വിളയിക്കും കൈകൾ നാലാം ക്ലാസിലെ വയലും വനവും എന്നി പരിസര പഠനം പാഠഭാഗവുമായി ബന്ധപ്പെട്ടാണ് ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചത്. ആധുനിക കൊയ്ത്തു യന്ത്രത്തിന്റെ സഹായത്താൽ കൊയ്ത്തു നടക്കുന്ന വെണ്ടോട് വയലിൽ ആയിരുന്നു സന്ദർശനം. കൊയ്ത്ത് യന്ത്രത്തിന്റെ പ്രവർത്തനം കുട്ടികളിൽ ആശ്ചര്യം ഉളവാക്കി. വെണ്ടോട് പാടശേഖരത്തിലെ പരമ്പരാഗത കൃഷിക്കാരായ അബ്ദുൾ റഹ്മാൻ , ഹരീന്ദ്രൻ എന്നിവരുമായി കുട്ടികൾ പഴയ കാല കൃഷി രീതികളെക്കുറിച്ചും ആധുനിക കൃഷി രീതിയെക്കുറിച്ചും ചോദിച്ച് മനസ്സിലാക്കി. കൃഷിയിൽ യന്ത്രങ്ങളുടെ കടന്ന് വരവ് കൃഷി ചിലവ് കുറഞ്ഞതുകൊണ്ട് ഏക്കർ കണക്കിന് തരിശ്ശ് പ്രദേശങ്ങൾ കൃഷി യോഗ്യമായതായി വെണ്ടോട് പാടശേഖര സമിതി പ്രസിഡന്റ് അബ്ദുൾ റഹ്‌മാൻ അഭിപ്രായപ്പെട്ടു. ഫീൽഡ് ട്രിപ്പിന് പ്രധാന അധ്യാപിക പി.ശോഭ ,എസ്.ആർ.ജി കൺവീനർ കെ.വി. നിഷ സ്റ്റാഫ് സെക്രട്ടറി രമ്യാ രാജൻ എന്നിവർ നേതൃത്വം നൽകി. ഫീൽഡ് ട്രിപ്പ് കുട്ടികളിൽ വിജ്ഞാനത്തിനും വിനോദത്തിനും അസ്വാദനത്തിനും അവസരമൊരുക്കി.