കണ്ണൂർ: - മൂന്നുനാൾ നീളുന്ന സംസ്ഥാന കേരളോത്സവം കലാമത്സരങ്ങൾക്ക് കണ്ണൂരിൽ തുടക്കം. കണ്ണൂരിന്റെ ചരിത്രവും സാംസ്കാരിക പാരമ്പര്യവും വിളംബരം ചെയ്യുന്ന ഘോഷയാത്രയോടെയാണ് കേരളോത്സവത്തിന് തുടക്കമായത്. കണ്ണൂർ പോലീസ് മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
മയക്കുമരുന്നിനെതിരെയും അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെയുള്ള ചാലകശക്തിയാകാൻ കേരളോത്സവം പോലുള്ള യുവജനമേളകൾക്ക് കഴിയട്ടേയെന്നും മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ ആശംസിച്ചു.
തിങ്കളാഴ്ച രാവിലെ ഒൻപതുമുതൽ മത്സരങ്ങൾ ആരംഭിക്കും. പോലീസ് മൈതാനം, മുനിസിപ്പൽ സ്കൂൾ, ദിനേശ് ഓഡിറ്റോറിയം, ജവാഹർ ലൈബ്രറിയിലെ രണ്ട് വേദികൾ, കോളേജ് ഓഫ് കൊമേഴ്സ് എന്നിവിടങ്ങളിൽ സജ്ജീകരിച്ച ആറുവേദികളിലാണ് മത്സരങ്ങൾ. 59 ഇനങ്ങളിലാണ് മത്സരം. 3500-ഓളം പ്രതിഭകൾ പങ്കെടുക്കും. വ്യക്തിഗതമായും ക്ലബ് തലത്തിലുമാണ് മത്സരം. മികച്ച ജില്ലയ്ക്ക് എവർ റോളിങ് ട്രോഫി സമ്മാനിക്കും. മികച്ച ക്ലബ്ബിനും പുരസ്കാരമുണ്ട്. കലാതിലകം, കലാപ്രതിഭ എന്നിവർക്ക് 10,000 രൂപയുടെ പുരസ്കാരം നൽകും. 21-ന് സമാപന സമ്മേളനം എം.മുകുന്ദൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് സിതാര കൃഷ്ണകുമാർ നയിക്കുന്ന സംഗീതവിരുന്നും ഉണ്ടാകും. ഉദ്ഘാടനത്തോടനുബന്ധിച്ച് കലാപരിപാടികൾ, ഫുട്‌ബോൾ ടോക്ക്, ലോകകപ്പ് ഫുട്‌ബോൾ ഫൈനൽ ബിഗ് സ്‌ക്രീൻ പ്രദർശനം എന്നിവയും നടന്നു.
ഉദ്ഘാടന സമ്മേളനത്തിൽ രാമചന്ദ്രൻ കടന്നപ്പള്ളി, എം.എൽ.എ അധ്യക്ഷത വഹിച്ചു. സ്പീക്കർ എ.എൻ.ഷംസീർ മുഖ്യാതിഥിയായി. എം.എൽ.എ.മാരായ കെ.പി.മോഹനൻ, കെ.വി.സുമേഷ്, എം.വിജിൻ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ, വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, കളക്ടർ എസ്.ചന്ദ്രശേഖർ, യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ്.സതീഷ്, അംഗങ്ങളായ വി.കെ.സനോജ്, സന്തോഷ് കാല, എം.പി.ഷെനിൻ,പി.എം.ഷബീറലി, എസ്.ദീപു, ബോർഡ് മെമ്പർ സെക്രട്ടറി വി.ഡി.പ്രസന്നകുമാർ എന്നിവർ പങ്കെടുത്തു.