കമ്പിൽ : കത്തി കാണിച്ച് ഭീഷണിപ്പെടുത്തി വയോധികയുടെ മാല കവർന്നു. കമ്പിൽ പാട്ടയം പള്ളിക്ക് സമീപത്തെ കെ. വി ആയിഷയുടെ മാലയാണ് കവർന്നത്.
ഇന്ന് രാവിലെ 8.30 ഓടെ ആയിരുന്നു സംഭവം. റോഡരികിൽ തന്നെയാണ് ആയിഷയുടെ വീട്. രാവിലെ വീട്ടിലെത്തിയ മോഷ്ടാവ് ആയിഷയോട് വെള്ളത്തിന് ചോദിക്കുകയും വെള്ളമെടുക്കാൻ ആയി തിരിഞ്ഞു നടക്കുമ്പോൾ കള്ളൻ ആയിഷയുടെ കഴുത്തിലുള്ള മുക്ക് മാല പൊട്ടിച്ചെടുക്കുകയായിരുന്നു. തുടർന്ന് ഒളിപ്പിച്ചുവച്ചിരുന്ന കത്തി പുറത്തെടുത്ത് ആയിഷയെ ഭീഷണിപ്പെടുത്തുകയും കമ്മൽ പൊട്ടിച്ചെടുക്കാൻ ശ്രമിക്കുകയും ചെയ്തു. സംഭവം ശ്രദ്ധയിൽപ്പെട്ട അയൽവാസികൾ ബഹളം വച്ചതോടെ കള്ളൻ ഓടി രക്ഷപ്പെട്ടു. ബഹളം കേട്ടെത്തിയ നാട്ടുകാർ പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല. മോഷണം പോയത് മുക്കുമാലയാണെങ്കിലും കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കവർച്ച നടത്തിയത് ഗൗരവത്തോടെയാണ് പോലീസും നാട്ടുകാരും കാണുന്നത്