ചെക്കിക്കുന്ന് തായ്പരദേവതാ സമ്പ്രദായ ക്ഷേത്രം പെരുങ്കളിയാട്ടത്തിന് ഇന്ന് തുടക്കം

 

 



മയ്യിൽ:- എട്ടു പതിറ്റാണ്ടിനുശേഷം ചെക്കിക്കുന്നിലെ തായ്‌പരദേവതാ സമ്പ്രദായ ക്ഷേത്രം തെയ്യാട്ടക്കാലത്തിനൊരുങ്ങി. 18 മുതൽ 22 വരെ നടക്കുന്ന പെരുങ്കളിയാട്ടിനായി വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നത്. തന്ത്രി കാളകാട്ടില്ലത്ത് സാന്ദീപ് നമ്പൂതിരിയുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുക.

നാട്ടുകാരുടെയും ക്ഷേത്രകമ്മിറ്റിയുടെയും നേതൃത്വത്തിൽ 2016-ൽ 40 ലക്ഷം രൂപ ചെലവിൽ പുനരുദ്ധാരണം പൂർത്തിയാക്കിയിരുന്നു. 18 സമ്പ്രദായ ക്ഷേത്രങ്ങളിൽ പ്രഥമ സ്ഥാനത്തുള്ള ഇവിടെ ആയിപ്പ, പുലുവപ്പ, കല്ലൂരി, എടച്ചേരി എന്നീ ഇല്ലക്കാരും മേലായിമാരായ തിടിൽകുറ്റിയാടൻ തറവാട്ടുകാരും ചേർന്നാണ് നേതൃത്വംനൽകിയിരുന്നത്.

പെരുങ്കളിയാട്ടത്തോടനുബന്ധിച്ച്‌ രണ്ടുനേരങ്ങളിലായി അന്നദാനം നടത്തുന്നതിനായി ആയിരം പേർക്കിരിക്കാവുന്ന പന്തൽ, വിവിധ കൗണ്ടറുകൾ തുടങ്ങിയവ പൂർത്തിയായി. എല്ലാ മാസവും സംക്രമപൂജകൾ, പൂരം, പുത്തരി, വിഷുപൂജ, പ്രതിഷ്ഠാ ദിനം, നാഗപ്രതിഷ്ഠ തുടങ്ങിയവാണ് ക്ഷേത്രത്തിലെ പ്രധാന ദിവസങ്ങൾ.

18-ന് വൈകീട്ട് കൊയ്യത്തുനിന്നും വേളം മഹാഗണപതിക്ഷേത്രത്തിൽനിന്നുമുള്ള കലവറനിറക്കൽ ഘോഷയാത്രയോടെയാണ് തുടക്കമാവുകയെന്ന് വെളിച്ചപ്പാടൻ ഏഴോം രാജീവൻ, എംമ്പ്രോൻ കുമാരൻ, ശ്രീധരൻ കോമരം, രക്ഷാധികാരികളായ കയ്യങ്കോട്ട് ഗോവിന്ദൻ, എം. പദ്‌മനാഭൻ നമ്പ്യാർ തുടങ്ങിയവർ അറിയിച്ചു. രുധിര കാളി, അങ്കച്ചേകവർ തുടങ്ങി 13-ൽപരം തെയ്യങ്ങളും ഉണ്ടാകും.

Previous Post Next Post