മയ്യിൽ പഞ്ചായത്തിൽ കൃഷി നശിപ്പിച്ച് കാട്ടുപന്നികൾ


മയ്യിൽ : കർഷകർക്ക് കണ്ണീര് വിതച്ച് പാടശേഖരങ്ങളിൽ കാട്ടുപന്നിയുടെ വിളയാട്ടം.  മയ്യിൽ പഞ്ചായത്തിലെ പതിനഞ്ച് ഏക്കറോളം വരുന്ന നെൽകൃഷിയാണ് കാട്ടുപന്നിക്കൂട്ടം വ്യാപകമായി നശിപ്പിച്ചത്. വിളവെടുക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് കാട്ടുപന്നിയുടെ അക്രമത്തിൽ ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നത്.

20 ദിവസം കൂടി കഴിഞ്ഞാൽ വിളവെടുക്കേണ്ട നെൽ വയലാണ് നശിപ്പിക്കപ്പെട്ടത്. പ്രദേശത്തെ കർഷകരായ ബാലകൃഷ്ണനും പത്മിനിയും കൃഷ്ണനുമെല്ലാം എന്നും രാവിലെ കൃഷിയിടത്തിലെത്തുമ്പോൾ കാണുന്നത് ഉള്ളുലയ്ക്കുന്ന കാഴ്ച. വയൽ കുത്തിമറിച്ച് നെൽച്ചെടികളാകെ കാട്ടു പന്നികൾ നശിപ്പിച്ചിരിക്കുന്നു. നെല്ല് മാത്രമല്ല സ്വന്തം പറമ്പിൽ ഒരു വക കൃഷി ചെയ്യാനാകുന്നില്ലെന്ന് പറയുകയാണ് 70 കാരനായ കൃഷിക്കാരൻ കൃഷ്ണൻ.

പന്നികളെ തുരത്താൻ സ്വന്തമായി നിർമിച്ചെടുത്ത സംവിധാനം ഒക്കെയുണ്ടെങ്കിലും ആദ്യത്തെ ദിവസങ്ങളിൽ മാത്രം ഉപകാരത്തിനെത്തി. പന്നികൾക്കിപ്പോൾ ഇതിനെയും പേടിയില്ല. കിട്ടുമെന്ന് പറയുന്ന നഷ്ടപരിഹാരത്തിലും കർഷകർക്ക് പ്രതീക്ഷയില്ല. കാട്ടുപന്നി ശല്യം തടയാൻ വെടിവെക്കുന്നതിന് ഉത്തരവുണ്ടായിട്ടും ഫലപ്രദമായി നടപ്പാക്കുന്നില്ലെന്നാണ് കർഷകരുടെ ആരോപണം. വിയർപ്പൊഴുക്കി വിളയിച്ചെടുത്ത നെല്ല് സംരക്ഷിക്കാൻ ഇനിയെന്ത് മാർഗമെന്നറിയാതെ ദുരിതത്തിലാണ് കർഷകർ.

Previous Post Next Post