ഹൈക്കോടതി ഉത്തരവുകൾ ഇനി മലയാളത്തിലും രാജ്യത്ത് ആദ്യം

 


കൊച്ചി:-കേരള ഹൈക്കോടതിയിലെ വിധിന്യായങ്ങൾ ഇനി മലയാളത്തിലും ലഭിക്കും. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് പരിഗണിച്ച രണ്ട് അപ്പീൽ ഹർജിയിലെ ഉത്തരവുകൾ മലയാളത്തിലും പ്രസിദ്ധീകരിച്ചു. ഹൈക്കോടതി വെബ്‌സൈറ്റിൽ ഇത് ലഭ്യമാക്കിയിട്ടുണ്ട്.

രാജ്യത്ത് ആദ്യമായാണ് ഒരു ഹൈക്കോടതി പ്രാദേശിക ഭാഷയിൽ ഉത്തരവ് ലഭ്യമാക്കുന്നത്. പ്രാദേശികഭാഷയിലും ഉത്തരവ് ലഭ്യമാക്കുക എന്നത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ പ്രഖ്യാപിത ലക്ഷ്യമായിരുന്നു. ഇതിലേക്കുള്ള ആദ്യചുവടുവെപ്പാണിത്.

സുവാസ് എന്ന സോഫ്റ്റ്‌വേറിന്റെ സഹായത്തോടെ ഇംഗ്ലീഷ് ഉത്തരവുകൾ മലയാളത്തിലാക്കി പരിശോധിച്ച് ഉറപ്പാക്കും. കോടതിനടപടികളുടെ കംപ്യൂട്ടറൈസേഷന്റെ കാര്യത്തിൽ രാജ്യത്തുതന്നെ മാതൃകയാണ് കേരള ഹൈക്കോടതി. മധ്യപ്രദേശ്, ഡൽഹി ഹൈക്കോടതികളാണ് തൊട്ടുപിന്നിൽ. ഇവിടെ ഉപയോഗിക്കുന്ന സോഫ്റ്റ്‌വേർ അടക്കമുള്ള സംവിധാനങ്ങൾ മറ്റ് ഹൈക്കോടതികൾ ആവശ്യപ്പെട്ടിട്ടുണ്ട്.

80,000 മുതൽ ഒരുലക്ഷത്തോളം കേസാണ് ഒരു വർഷം ഹൈക്കോടതി തീർപ്പാക്കുന്നത്. ഇവ മലയാളത്തിലും ലഭ്യമാക്കാൻ അധികജീവനക്കാരെ നിയമിക്കേണ്ടിവരും. കേരള ഹൈക്കോടതിയുടേതായി ഇതുവരെ 18 ലക്ഷത്തോളം ഉത്തരവുകളുണ്ട്.

കോടതിനടപടികൾ കംപ്യൂട്ടർറൈസേഷൻ നടത്തിയതിന് ഹൈക്കോടതിക്ക് സംസ്ഥാന സർക്കാരിന്റെ ഇ-ഗവേൺസ് പുരസ്കാരവും അടുത്തിടെ ലഭിച്ചിരുന്നു. കേരള ഹൈക്കോടതി വിധിന്യായം മലയാളത്തിലും പ്രസിദ്ധീകരിച്ചതിനെ കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു അഭിനന്ദിച്ചു. ട്വിറ്റർ പോസ്റ്റിലൂടെയാണ് അഭിനന്ദനം അറിയിച്ചത്

Previous Post Next Post