പറശ്ശിനിക്കടവ്-മാട്ടൂൽ ബോട്ട് സർവീസ് ഓട്ടം നിലച്ചിട്ട് മാസങ്ങൾ കഴിയുന്നു


മാട്ടൂൽ : പറശ്ശിനിക്കടവ്-മാട്ടൂൽ ബോട്ട് സർവീസ് മുടങ്ങിയിട്ട് രണ്ടുമാസമാകുന്നു. യന്ത്രത്തകരാറിനെ തുടർന്ന് 2022 ഡിസംബറിലാണ് സർവീസ് നിർത്തിയത്. വാട്ടർ ടാക്സിയുടെ ഓട്ടം നിലച്ചിട്ടും മാസങ്ങൾ കഴിഞ്ഞു. രണ്ട് ബോട്ടുകളും അഴീക്കൽ ബോട്ട് പാലത്തിലെ ബോട്ട് ജെട്ടിയിലാണ്‌ അറ്റകുറ്റപ്പണിക്കായി കെട്ടിയിട്ടിട്ടുള്ളത്.

പറശ്ശിനിക്കടവിൽനിന്ന് പുറപ്പെട്ട് പാമ്പുരുത്തി, നാറാത്ത്, പാപ്പിനിശ്ശേരി, പാറക്കൽ, മാങ്കടവ്, വളപട്ടണം, അഴീക്കൽ എന്നിവിടങ്ങളിലെ ബോട്ട് ജെട്ടികളുമായി ബന്ധപ്പെടുത്തിയായിരുന്നു യാത്ര. എല്ലാ സർവീസിലും നിറയെ യാത്രക്കാരുണ്ടായിരുന്നു. പ്രധാനമായും പറശ്ശിനിക്കടവിലേക്ക് പോകാനുള്ളവരാണ് ബോട്ടിനെ ഏറെ ആശ്രയിച്ചത്. മാട്ടൂൽ-പറശ്ശിനി യാത്രയ്ക്ക്‌ പുറമേ, ഇതേ ബോട്ടിൽ രാവിലെയും വൈകീട്ടും ഉല്ലാസയാത്രയും ഒരുക്കിയിരുന്നു. അരമണിക്കൂർ ഇടവേളകളിലാണ് സർക്കുലർ സർവീസ് നടത്തുക. ചെറിയ ചെലവിലുള്ള ഉല്ലാസയാത്രയായതിനാൽ ജലവിനോദസഞ്ചാരത്തിനായി എത്തുന്നവരും ഏറെയാണ്. എൻജിൻ പണിമുടക്കിയതോടെ അറ്റകുറ്റപ്പണിക്കായി അഴീക്കൽ ബോട്ട് പാലത്തിലെ ജെട്ടിയിൽ നിർത്തിയിട്ടതല്ലാതെ നന്നാക്കാനാവശ്യമായ നടപടിയുണ്ടായില്ല. പകരം ബോട്ട് വന്നതുമില്ല. ബോട്ട് ജീവനക്കാരെയാകട്ടെ, എറണാകുളം, ആലപ്പുഴ, കൊല്ലം, പുളിങ്കുന്ന്, കോട്ടയം എന്നിവിടങ്ങളിലേക്ക് വർക്ക് അറേഞ്ച്മെന്റിന്റെ ഭാഗമായി മാറ്റിനിയമിച്ചു. യന്ത്രത്തകരാർ പരിഹരിച്ചാലുടൻ ജീവനക്കാർ തിരികെയെത്തുമെന്ന് പറയുന്നു. മണിക്കൂറിൽ 1500 രൂപ ലഭിക്കുന്ന വാട്ടർടാക്സിയും ഓട്ടം നിലച്ചിട്ട് മാസങ്ങളായി.

എൻജിൻ തകരാർ പരിഹരിച്ചെന്നും പ്ലാറ്റ് ഫോമിന്റെ തകിട് മാറ്റിസ്ഥാപിക്കാത്തതാണ് സർവീസ് പുനരാരംഭിക്കാൻ കഴിയാത്തതെന്നുമാണ് അധികൃതർ പറയുന്നത്. ഉപ്പിന്റെ കാഠിന്യം കൂടുതലുള്ളിടങ്ങളിൽ ഉപ്പിനെ പ്രതിരോധിക്കാൻ സാധിക്കുന്ന തകിട് അടിച്ചാലേ വീണ്ടും സർവീസ് നടത്താനാകൂ എന്നാണ് ഇതുമായി ബന്ധപ്പെട്ട വിദഗ്‌ധരുടെ അഭിപ്രായം.

Previous Post Next Post