ആശുപത്രികള്‍ കേന്ദ്രീകരിച്ച് മോഷണം; യുവാവ് പിടിയിൽ

 


തളിപ്പറമ്പ് :-ആശുപത്രികള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നയാള്‍ പോലീസ് പിടിയില്‍.ആശുപത്രികളില്‍ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും പണം മോഷ്ടിക്കുന്ന പാപ്പിനിശേരി വെസ്റ്റിലെ പി.ടി.ഷൗക്കത്തലി(34)യെയാണ് ആശുപത്രി അധികൃതര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചത്.

ഒരാഴ്ച മുമ്പ് തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ അഡ്മിറ്റായിരുന്ന രണ്ടുപേരുടെ നാലായിരം രൂപയും പതിനഞ്ചായിരം രൂപയും വീതം മോഷണം പോയിരുന്നു.രോഗികള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് സി.സി.ടിവി പരിശോധിച്ചപ്പോഴാണ് രോഗികളുടെ മുറിയില്‍ നിന്ന് പണം മോഷ്ടിക്കുന്നതിന്റെ ദൃശ്യം ലഭിച്ചത്.ഇന്നലെ രാവിലെ 10.30ന് 220-ാം നമ്പര്‍ മുറിയില്‍

മോഷണത്തിന് എത്തിയപ്പോള്‍ സുരക്ഷാ ജീവനക്കാരാണ് ഇയാളെ തിരിച്ചറിഞ്ഞ് പിടികൂടിയത്.ഒന്നര വര്‍ഷം മുമ്പ് ഇതേ ആശുപത്രിയില്‍ രോഗികളുടെ പണം മോഷ്ടിച്ചതിന് ഷൗക്കത്തലിയെ പിടികൂടിയിരുന്നു.

എന്നാല്‍ മോഷ്ടിച്ച പണം ലഭിച്ചതിനാല്‍ അന്ന് ആശുപത്രി അധികൃതര്‍ ഷൗക്കത്തലിയെ താക്കീത് ചെയ്ത് വിട്ടയക്കുകയായിരുന്നു.കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

Previous Post Next Post