ഐശ്വര്യത്തിന്‍റേയും കാർഷിക സമൃദ്ധിയുടേയും ഓർമകൾ പുതുക്കി ഇന്ന് വിഷു. കണിയൊരുക്കിയും കൈനീട്ടം നൽകിയും വിഷു ആഘോഷത്തിലാണ് മലയാളി. കാർഷിക സമൃദ്ധിയുടെ പോയ കാലത്തെ സ്മരണകൾക്കൊപ്പം വരാനിരിക്കുന്ന നല്ല നാളുകളുടെ പ്രതീക്ഷ കൂടിയാണ് ഒരോ വിഷുവും. ഏവർക്കും കൊളച്ചേരി വാർത്തകളുടെ വിഷു ആശംസകൾ നേരുന്നു.
നിറഞ്ഞു കത്തുന്ന നിലവിളക്കിന് മുന്നിൽ സ്വർണ്ണനിറമുള്ള കൊന്നപ്പൂക്കൾ. ഓട്ടുരുളിയിൽ കാർഷിക സമൃദ്ധിയുടെ ഓർമ്മപ്പെടുത്തലായി കണി വെള്ളരിയും ഫലങ്ങളും. കണി കണ്ട് കഴിഞ്ഞാൽ കൈനീട്ടമാണ്. കുടുബത്തിലെ മുതിർന്നവർ കയ്യിൽ വച്ച് തരുന്ന അനുഗ്രഹം കൂടിയാണിത്. പിന്നെ നാട്ടുരുചിയുമായി സദ്യവട്ടം.
പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും ആഘോഷങ്ങൾ വേറെയും. സൂര്യൻ മീനം രാശിവിട്ട് മേടം രാശിയിലേക്ക് പ്രവേശിക്കുന്ന സമയമാണിത്. കേരളത്തിലെ കർഷകർക്ക് അടുത്ത വാർഷിക വിളകൾക്കുള്ള തയാറെടുപ്പിന്‍റെ കാലം കൂടിയാണ് വിഷു. പുതിയ തുടക്കം... പുതിയ പ്രതീക്ഷ...