സായാഹ്‌നം കൊട്ടിയുണർത്തി ദഫ് മുട്ടും കോൽക്കളിയും



കണ്ണൂർ:- പൊലീസ് മൈതാനിയിൽ നടക്കുന്ന എന്റെ കേരളം എക്‌സിബിഷന്റെ രണ്ടാം ദിനത്തിലെ സായാഹ്‌നത്തിൽ അരങ്ങിനെ കൊട്ടിയുണർത്തി ദഫ് മുട്ടും കോൽക്കളിയും. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് വജ്രജൂബിലി ഫെലോഷിപ്പ് കലാകാരന്മാരുടെ ദഫ് മുട്ടും കൊയിലാണ്ടി അൽ മുബാറക് സംഘത്തിന്റെ കോൽക്കളിയുമാണ് പ്രധാന വേദിയിൽ അരങ്ങേറിയത്.

സൂഫി സംഗീതത്തിന്റെ പശ്ചാത്തലത്തിൽ പാടിയുണർത്തുന്ന അനുഷ്ഠാന കലയാണ് ദഫ് മുട്ട്. വജ്രജൂബിലി ഫെലോഷിപ്പ് കലാകാരൻ ഇ കെ സജീർ പരിശീലിപ്പിച്ച കാടാച്ചിറയിലെ 11 വിദ്യാർഥികളാണ് ദഫ് മുട്ട് അവതരിപ്പിച്ചത്. ആറാം ക്ലാസ് മുതൽ ഒമ്പതാം തരം വരെയുള്ള സയ്ഹാൻ, സ്വാലിഹ്, അമീൻ, നാജിൽ, ആദിൽ, ഷാമിൽ, മിഖ്ദാദ്, റസൽ, ആമിൽ, ഇസാൻ, ജമീസ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ബൈത്തുകൾ ദഫ് കൊട്ടി പാടിയത് സയ്ഹാൻ.

1921ൽ വെള്ളപ്പടയോട് പൊരുതിയ ഓർമകളുടെ ആവേശം ചോരാതെ പടർക്കളത്തിൽ പൊരുതുന്ന പോരാളികളുടെ വീര്യത്തോടെയാണ് കോൽക്കളി വേദിയിൽ അവതരിപ്പിച്ചത്. കൊയിലാണ്ടി നഗരസഭ വജ്രജൂബിലി ഫെലോഷിപ്പ് കലാകാരൻ മുഹമ്മദ് റോബിൻ ഗുരുക്കൾ പരിശീലിപ്പിച്ച 12 വിദ്യാർഥികളാണ് കോൽക്കളി അവതരിപ്പിച്ചത്. മാപ്പിളപ്പാട്ടിന്റെ ഇശലുകൾക്കൊപ്പം ഈറൻ പനയിൽ കടഞ്ഞെടുത്ത കോലുകളുമായി വേദിയിൽ അവർ കോർത്തുപാടി. ഷാമിൽ, ഷാഖിബ്, സായന്ത്, അമൽ, ദിൽഷിത്ത്, അജ്മൽ, ഫസീഹ്, നിതാൽ, അബ്ദുൽ ബാസിത്, ഷബീബ്, ഷിബിൽ, നിഷാൽ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

തുടർന്ന്, പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉൾച്ചേർന്ന വിദ്യാഭ്യാസം പദ്ധതിയിലുൾപ്പെട്ട വിദ്യാർഥികളായ പള്ളിക്കുന്ന് സ്വദേശി ദേവിക ഷജിൽ, അഴീക്കോട് സ്വദേശി അമൽ എന്നിവരുടെ നൃത്ത പരിപാടിയും അരങ്ങേറി.

Previous Post Next Post