കണ്ണൂർ : കേരള സ്റ്റേറ്റ് ഓഡിറ്റ് അസോസിയേഷൻ സംസ്ഥാന വർക്കിങ്ങ് പ്രസിഡന്റായി എ.ആർ ജിതേന്ദ്രൻ തിരഞ്ഞെടുത്തു.
കണ്ണൂരിലെ മാവിലായിക്കടുത്ത പൊതുവാച്ചേരി സ്വദേശിയായ ജിതേന്ദ്രൻ ഇപ്പോൾ സംസ്ഥാന ഓഡിറ്റ് വകുപ്പിൽ ഡെപ്യൂട്ടി ഡയരക്ടറായി കാസർഗോഡാണ് ജോലി ചെയ്യുന്നത്. ഇദ്ദേഹം കേരള ഗസറ്റഡ് ഓഫീസേർസ് യൂണിയൻ (കെ.ജി.ഒ.യു) പ്രവർത്തകൻ കൂടിയാണ്. സർക്കാർ ഉദ്യോഗസ്ഥരുടെ സംഘടനകളുടെ കൂട്ടായ്മയായ എസ്. ഇ.റ്റി. ഒ (സെറ്റോ) പോലുള്ളവയിലും ജിതേന്ദ്രൻ സജീവമായി പ്രവർത്തിച്ചു വരുന്നു. ദേശീയ ശാസ്ത്ര വേദി ജില്ലാ ട്രഷറർ , പൊതുവാച്ചേരി ദേശോദ്ധാരണ വായനശാല സെക്രട്ടറി , തുടങ്ങി സാമൂഹിക, സാംസ്കാരിക സംഘടനാ രംഗത്ത് നിരവധി നേതൃപദവികളിലൂടെയുള്ള ജിതേന്ദ്രന്റെ പ്രവർത്തനം ശ്രദ്ധേയമാണ്.
ഏറെ അന്വേഷണാത്മകവും വിജ്ഞാനപ്രദവുമായ ദിവസവിശേഷം എന്ന ഒരു പരിപാടിയിലൂടെ ജിതേന്ദ്രൻ സാമൂഹിക മാദ്ധ്യമങ്ങളിൽ ശ്രദ്ധാ കേന്ദ്രമായിട്ടുണ്ട്. ചരിത്രപരമായി ഓരോ ദിനത്തിലും സംഭവിച്ച കാര്യങ്ങൾ , ജനന മരണങ്ങൾ , ദിനപരമായ പ്രത്യേകതകൾ, സവിശേഷ പ്രാധാന്യമുള്ള കാര്യങ്ങൾ എന്നിവയുടെ വിപുലമായ ഒരു ശേഖരം ഇദ്ദേഹത്തിന്റേതായുണ്ട്. ഏറ്റവും ബൃഹത്തായ ഒരു റഫറൻസ് ഗ്രന്ഥരൂപത്തിൽ വരാവുന്നതാണ് ഈ വിജ്ഞാനശേഖരമെന്ന് ചരിത്ര ഗവേഷകർ ചൂണ്ടിക്കാട്ടന്നു.
കണ്ണൂർ ജില്ലയിലെ പാനൂരിൽ നിന്നും പ്രക്ഷേപണം ചെയ്യുന്ന ജൻവാണി കമ്യൂണിറ്റി റേഡിയോവിൽ (90.8 എഫ്.എം റേഡിയോ സ്റ്റേഷൻ) ഇദ്ദേഹത്തിന്റെ പഠനങ്ങളും കണ്ടെത്തലുകളും അടിസ്ഥാനമാക്കി എല്ലാദിവസവും രാവിലെ 7 മണിക്ക് ദിനവൃത്താന്തം എന്ന പരിപാടി പ്രക്ഷേപണം ചെയ്യുന്നുണ്ട്.
പുഴാതി ഗവ. ഹയർസെക്കന്ററി സ്കൂളിലെ ലാബ് അസിസ്റ്റന്റ് പ്രിയയാണ് ഭാര്യ.
മാളവിക (എഞ്ചിനീയറിങ്ങ് വിദ്യാർത്ഥിനി), കാർത്തിക (പ്ലസ് ടു വിദ്യാർത്ഥിനി) എന്നിവർ മക്കളാണ്.