കണ്ണൂർ:- ‘നമ്മുടെ നഴ്സുമാർ, നമ്മുടെ ഭാവി’ എന്ന പ്രമേയവുമായി നഴ്സസ് വാരാഘോഷത്തിന് കണ്ണൂരിൽ തുടക്കമായി. രാവിലെ റെയിൽവേസ്റ്റേഷനിൽനിന്ന് ജില്ലാ ആസ്പത്രിവരെ നഴ്സസ്ദിന സന്ദേശറാലിയോടെയായിരുന്നു തുടക്കം.
കണ്ണൂർ റെയിൽവേ സ്റ്റേഷൻ മാനേജർ എസ്.സജിത്ത് കുമാർ റാലി ഫ്ലാഗ് ഓഫ് ചെയ്തു. വിവിധ ഗവ. ആസ്പത്രികളിലെ സ്റ്റാഫ് നഴ്സുമാർ, നഴ്സിങ് വിദ്യാർഥികൾ എന്നിവർ റാലിയിൽ അണിചേർന്നു.
ജില്ലാ നഴ്സിങ് ഓഫീസർ ദേവയാനി കല്ലേൻ പതാക ഉയർത്തി. എം.സി.എച്ച്. ഓഫീസർ ടി.ജി.പ്രീത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ ആസ്പത്രിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ വാരാഘോഷം ഉദ്ഘാടനം ചെയ്തു. ഡി.എം.ഒ. ഡോ. നാരായണ നായ്‌ക് അധ്യക്ഷതവഹിച്ചു. ജില്ലാ പ്രോഗ്രാം മാനേജർ പി.കെ. അനിൽകുമാർ, ജില്ലാ ആസ്പത്രി സൂപ്രണ്ട് ഡോ. പി.പ്രീത, ടി.ജി. പ്രീത, ജയശ്രീ പി.കുഞ്ഞച്ചൻ, ജില്ലാ ആസ്പത്രി നഴ്സിങ് സൂപ്രണ്ട് വി.എം.മോളി, ദേവയാനി കല്ലേൻ, എം.സി.മേരിക്കുട്ടി എന്നിവർ സംസാരിച്ചു.
വാരാഘോഷത്തിന്റെ ഭാഗമായി കലാകായിക-ക്വിസ് മത്സരങ്ങൾ, സെമിനാറുകൾ തുടങ്ങിയ പരിപാടികൾ ഉണ്ടാകും. 12-ന് സമാപന സമ്മേളനം നായനാർ അക്കാദമി ഓഡിറ്റോറിയത്തിൽ സ്പീക്കർ എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്യും