കൊളച്ചേരി : കൊളച്ചേരിയുടെ വിദ്യാഭ്യാസ സാംസ്കാരിക രംഗങ്ങളിൽ മികച്ച സംഭാവനകൾ നൽകിയ ചന്ദ്രൻ തെക്കെയിൽ നിര്യാതനായി. കണ്ണൂർ ജില്ലയിലെ ആദ്യത്തെ പാരലൽ കോളേജുകളിലൊന്നായ കൊളച്ചേരിയിലെ ഇറ്റാക്സിന്റെ സ്ഥാപകനാണ്. നാടക രചയിതാവും സംവിധായകനും അധ്യാപകനുമായിരുന്നു.
ഗണിതത്തിലും ഭൗതികശാസ്ത്രത്തിലും ബിരുദാനന്തര ബിരുദങ്ങളും ബിഎഡ്, എം.എഡ്. ബിരുദങ്ങളും നേടിയ അദ്ദേഹം സർ സെയ്ദ് കോളേജിൽ കുറച്ചു കാലം ഭൗതിക ശാസ്ത്രം അധ്യാപകനായിരുന്നു.ബാംഗ്ലൂരിൽ സി.വി.രാമനു കീഴിൽ ബീറ്റാ കിരണങ്ങളെ കുറിച്ച് ഗവേഷണപഠനം നടത്തി. ലാബിൽ വെച്ചുണ്ടായ ഇലക്ട്രിക് ഷോക്കിൽ പെട്ടതിനാൽ ഗവേഷണം അവസാനിപ്പിക്കേണ്ടി വന്ന അദ്ദേഹം നാട്ടിൽ ഇറ്റാക്സ് എന്ന പേരിൽ ഒരു വിദ്യാഭ്യാസ സ്ഥാപനം തുടങ്ങുകയായിരുന്നു.
സർക്കാർ സർവീസിൽ അധ്യാപകനാവാനുള്ള എല്ലാ യോഗ്യതകളുമുണ്ടായിട്ടും അത് വേണ്ടെന്ന് വെയ്ക്കുകയായിരുന്നു അദ്ദേഹം.കണ്ണൂർ ജില്ലയിലെ ആദ്യത്തെ പാരലൽ കോളേജുകളിലൊന്നാണ് ഇറ്റാക്സ്. കൊളച്ചേരിയുടെ സാംസ്കാരിക പ്രവർത്തനങ്ങളുടെ പ്രഭവകേന്ദ്രമായിരുന്നു ഇറ്റാക്സ്.
തീവ്രമായ രാഷ്ട്രീയ സാംസ്കാരിക പ്രവർത്തനങ്ങളിലും അതോടൊപ്പം നാടകപ്രവർത്തനങ്ങളിലും മുഴുകിയ അദ്ദേഹം അറിയപ്പെടുന്ന പ്രഭാഷകനുമാണ്.ജനശക്തി തിയേറ്റർ എന്ന പേരിൽ ഒരു നാടകസംഘം ആരംഭിച്ചു. ജനശക്തിയുടെ രംഗോപകരണശേഖരം ഗ്രാമീണ അമേച്വർ നാടകവേദിക്ക് വലിയ പിന്തുണയും പ്രോത്സാഹനവുമാണ് നൽകിയത്. ഏറെ ചർച്ച ചെയ്യപ്പെട്ട റൂഷ് ഡോൺ ഉൾപ്പെടെയുള്ള നിരവധി നാടകങ്ങൾ രചിച്ചു.ഇരുപതിലധികം നാടകങ്ങൾ സംവിധാനം ചെയ്തു. കുതിരവട്ടം പപ്പു, കെ.രാഘവൻ മാസ്റ്റർ,നെല്ലിക്കോട് ഭാസ്കരൻ, കോഴിക്കോട് ശാന്താദേവി, നിലമ്പൂർ ആയിഷ,ബാലുശ്ശേരി സരസ,കൈതപ്രം, കാഞ്ഞങ്ങാട് രാമചന്ദ്രൻ ഉൾപ്പെടെയുളള പ്രശസ്തരായ നടീനടൻമാരും ഗായകരും സംഗീത സംവിധായകരും മാഷോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. നാടകത്തെക്കുറിച്ചുള്ള ഗൗരവമായ പഠനത്തിനും നാടക അവതരണങ്ങൾക്കുമായി ജില്ല അടിസ്ഥാനമായി കണ്ണൂർ കലാസേന രൂപീകരിക്കുന്നതിന് നേതൃത്വം നൽകി.
കരിങ്കൽ കുഴി ആസ്ഥാനമായി പ്രവർത്തിക്കുന്ന കെ എസ് & എ സി ഏർപ്പെടുത്തിയ പ്രഥമ ഗ്രാമപ്രതിഭാ പുരസ്കാരം ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
![]() |
ഗ്രാമപ്രതിഭാ പുരസ്കാര വേളയിൽ ചന്ദ്രൻ മാസ്റ്റർ - ഫയൽ ഫോട്ടോ |
![]() |
ഇറ്റാക്സ് കോളേജ് പൂർവ്വവിദ്യാർത്ഥികൾ ചന്ദ്രൻ മാസ്റ്ററെ ആദരിച്ചപ്പോൾ |