തായംപൊയിൽ സഫ്ദർ ഹാശ്മി ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ വായനയുടെ വീട്ടകങ്ങൾക്ക് നാളെ തുടക്കമാകും


മയ്യിൽ : തായംപൊയിൽ സഫ്ദർ ഹാശ്മി ഗ്രന്ഥാലയത്തിന്റെ വായന പക്ഷാചരണത്തിന്റെ ഭാഗമായുള്ള 'വായനയുടെ വീട്ടകങ്ങൾക്ക്' നാളെ തുടക്കമാവും.  തായംപൊയിൽ സഫ്ദർ ഹാശ്മി ഗ്രന്ഥാലയത്തിന്റെ എഴുത്തുകാരുടെ അനുസ്മരണങ്ങൾക്ക് വായനശാല പ്രവർത്തകരുടെ വീടുകൾ വേദിയാവും. യുവജനവേദി, വനിതാവേദി, വയോജന വേദി എന്നിവ സംയുക്തമായാണ് പരിപാടി ഒരുക്കുന്നത്.

ജൂൺ 23 വെള്ളിയാഴ്ച വായനശാല സെക്രട്ടറി എം.ഷൈജുവിന്റെ വീട്ടുമുറ്റത്ത് ജി ശങ്കരപിള്ള അനുസ്മരണത്തോടെ പരിപാടിക്ക് തുടക്കമാവും. അധ്യാപകനും നാടകപ്രവർത്തകനുമായ സി.കെ അനൂപ് ലാൽ അനുസ്മരണം നടത്തും. ജൂൺ 30 ന് പൊൻകുന്നം വർക്കി അനുസ്മരണം കെ.സി ശ്രീനിവാസൻ നിർവഹിക്കും. ജൂലൈ 1 ന് കേശവദേവ് - എൻ പി മുഹമ്മദ് അനുസ്മരണം പി.ദിലീപ് കുമാറും, ഇടപ്പള്ളി രാഘവൻ പിള്ള അനുസ്മരണം ജൂലൈ 2 ന് ഭൂദാനം കസ്തൂർബ കോളനിയിൽ അഭിലാഷ് കണ്ടക്കൈയും, ജൂലൈ 3 ന് കെ ദാമോദരൻ അനുസ്മരണം പി.കുഞ്ഞികൃഷ്ണനും നിർവഹിക്കും.

കഥാപ്രസംഗകുലപതി വി സാംബശിവന്റെ ഓർമകളുമായി ജൂലൈ 4 ന് അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് പ്രഭാഷണം നടത്തും. ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ അനുസ്മരണ ദിനമായ ജൂലൈ 5 ന് വി.പി ബാബുരാജ് അതിഥിയാകും. ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന ഐ വി ദാസിന്റെ അനുസ്മരണവും വായന പക്ഷാചരണത്തിന്റെ സമാപനവും സി.സുമിത്രന്റെ വീട്ടിൽ ജൂലൈ 7 ന് കെ.പി കുഞ്ഞികൃഷ്ണൻ നിർവഹിക്കും.

Previous Post Next Post