കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയ്ക്കും സ്വജന പക്ഷപാതത്തിനും എതിരെ കണ്ണൂർ ജില്ലാ കലക്ടർക്ക് ബി.ജെ.പി പരാതി നൽകി. പഞ്ചായത്തിൽ യാതൊരുവിധ വികസന പ്രവർത്തനങ്ങൾ നടക്കുന്നില്ല എന്നും തികഞ്ഞ സ്വജന പക്ഷപാതമാണ് നടക്കുന്നത് എന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.
05/07/23, 06/07/23 എന്നീ തീയ്യതികളിൽ അംഗൻവാടി വർക്കർ , ഹെൽപ്പർ എന്നിവർക്കായുള്ള നിയമന നടപടിയുടെ ഭാഗമായി കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുകയാണ്. ഇതിനായി ഒരു കമ്മറ്റി രൂപികരിച്ചപ്പോഴും പഞ്ചായത്തിൽ പ്രതിനിധ്യമുള്ള ഭാരതീയ ജനതാപാർട്ടിയുടെ പ്രതിനിധികളെ ഉൾപ്പെടുത്തിയില്ല.
ഇത് നിയമനത്തിൽ അഴിമതിയും സ്വജന പക്ഷപാതവും നടത്തുന്നതിനായാണെന്നും ഇതിനെതിരെ മുഴുവൻ ജനാധിപത്യ വിശ്വാസികളേയും പങ്കെടുപ്പിച്ചു കൊണ്ട് ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നു ബി.ജെ.പി കൊളച്ചേരി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഇ.പി ഗോപാലകൃഷ്ണൻ അറിയിച്ചു.
ഇന്ന് ജില്ലാ കലക്ടർ, ഡെപ്യൂട്ടി ഡയറക്ടർ പഞ്ചായത്ത് എന്നിവരെ സന്ദർശിച്ച് പരാതി നല്കിയ പ്രതിനിധി സംഘത്തിൽ ഇ.പി ഗോപാലകൃഷ്ണൻ, പാർട്ടി ജനറൽ സെക്രട്ടറി ദേവരാജൻ പി.വി, സെക്രട്ടറി ബിജു.പി എന്നിവരുണ്ടായിരുന്നു.
എ.ഡി.എം കണ്ണൂർ, ഡെപ്യൂട്ടി ഡയറക്ടർ പഞ്ചായത്ത് എന്നിവർ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കാം എന്ന് പ്രതിനിധി സംഘത്തെ അറിയിച്ചു.