കല്ലൂരിക്കടവ് പാലം: അലൈന്‍മെന്റ് അവസാനഘട്ട പരിശോധനക്ക് കിഫ്ബി സംഘമെത്തി

 


കൊളച്ചേരി:-നാറാത്ത്, പാപ്പിനിശ്ശേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കല്ലൂരിക്കടവ് പാലവും അപ്രോച്ച് റോഡും യാഥാര്‍ഥ്യത്തിലേക്ക്. പാലത്തിന്റെ അലൈന്‍മെന്റ് അവസാനഘട്ടമായി കിഫ്ബി സംഘമെത്തി പരിശോധിച്ചു. പാലം വരുന്നതോടെ വളപട്ടണം പുഴയുടെ ഇരുകരകളിലുമുള്ള പ്രദേശങ്ങളെ ബന്ധിപ്പിക്കണമെന്ന നാട്ടുകാരുടെ വര്‍ഷങ്ങളായുള്ള ആവശ്യം യാഥാര്‍ഥ്യമാകും. പുതിയതെരുവിലെ ഗതാഗതക്കുരുക്കിനും പരിഹാരമാകും.

കല്ലൂരിക്കടവ് പാലം, അപ്രോച്ച് റോഡ് എന്നിവക്കായി നേരത്തെ അംഗീകാരം ലഭിച്ചിരുന്നെങ്കിലും തുടര്‍ നടപടിയുണ്ടായിരുന്നില്ല. എന്നാല്‍ കെ വി സുമേഷ് എംഎല്‍എയുടെ ഇടപെടലിലൂടെയാണ് പദ്ധതിക്ക് ജീവന്‍വെച്ചത്. ഇതുമായി ബന്ധപ്പെട്ട് നിയമസഭയില്‍ എംഎല്‍എ സമര്‍പ്പിച്ച സബ്മിഷന് മറുപടിയായി മന്ത്രി പാലം യാഥാര്‍ഥ്യമാകുമെന്ന് ഉറപ്പുനല്‍കിയിരുന്നു. ഇതോടെയാണ് എംഎല്‍എയുടെ നേതൃത്വത്തില്‍ കിഫ്ബി എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ കെ പി പുരുഷോത്തമന്‍,  കെആര്‍എഫ്ബി പിഎംയു കണ്ണൂര്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ കെ വി മനോജ്കുമാര്‍, എഇ പി ആര്‍ രാകേഷ്, കിഫ്ബി അസിസ്റ്റന്റ് പ്രൊജക്ട് മാനേജര്‍ പി ശ്രീരാജ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചത്. പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും അലൈന്‍മെന്റ് അംഗീകരിക്കുന്നതിന്റെ ഭാഗമായി കല്ലൂരിക്കടവ് പാലവും റോഡും കടന്നുപോകുന്ന പ്രദേശത്തായിരുന്നു സന്ദര്‍ശനം. നാറാത്ത് പഞ്ചായത്ത് പ്രസിഡണ്ട് കെ രമേശന്‍, പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് എ വി സുശീല, പി രാജന്‍, കെ ശോഭന എന്നിവരും ഒപ്പമുണ്ടായിരുന്നു.



Previous Post Next Post