കുറ്റ്യാട്ടൂരിൽ നാട്ടുമാവുകൾക്ക് ജനിതക സംരക്ഷണ കേന്ദ്രമൊരുക്കി ജില്ലാ പഞ്ചായത്ത്

 


കുറ്റ്യാട്ടൂർ:-നാടൻ മാവിനങ്ങൾക്ക് ജനിതക സംരക്ഷണ കേന്ദ്രം ഒരുക്കി ജില്ലാ പഞ്ചായത്ത്. ജില്ലാ പഞ്ചായത്ത്  കുറ്റിയാട്ടൂര്‍  ചട്ടുകപ്പാറയില്‍ ആരംഭിക്കുന്ന കണ്‍വെന്‍ഷന്‍ സെന്ററായ ആരൂഢത്തിന് ചുറ്റുമുള്ള രണ്ടര ഏക്കറിലാണ് സംരക്ഷണ കേന്ദ്രം ഒരുങ്ങുന്നത്.

മാവിന്‍ തൈകളുടെ നടീലും നാടന്‍ മാവുകളുടെ ഒട്ടു തൈ വിതരണത്തിന്റെ ഉദ്ഘാടനവും  ജനിതക വൈവിധ്യ സംരക്ഷണ കേന്ദ്രത്തില്‍  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിര്‍വ്വഹിച്ചു. അന്‍പതിനം നാട്ടുമാവിന്‍ തൈകളാണ് ഇവിടെ നട്ടത്. തരിശായി കിടക്കുന്ന ഈ പ്രദേശത്തെ ഹരിതാഭമാക്കുക, അന്യം നിന്നു പോകുന്ന നാട്ടുമാവുകളെ സംരക്ഷിക്കുക എന്നിവയാണ് ലക്ഷ്യം. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ശേഖരിക്കുന്ന മാവുകളാണ് നട്ടു പരിപാലിക്കുക. 'നാട്ടുമാഞ്ചോട്ടില്‍' കൂട്ടായ്മയാണ് മാവുകളെ വര്‍ഗീകരിച്ച് എത്തിക്കുന്നതും സംരക്ഷിക്കുന്നതും. നാട്ടുമാവുകളുടെ സംരക്ഷണത്തിനായി ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിച്ച നാട്ടുമാവിന്‍ തോട്ടം പദ്ധതിയിലൂടെ തയ്യാറാക്കുന്ന നാട്ടുമാവുകളും രണ്ടാംഘട്ട പ്രവര്‍ത്തനമായി ഇവിടെ നട്ട് സംരക്ഷിക്കും. പദ്ധതി പൂര്‍ത്തിയാകുന്നതോടെ നൂറിലധികം നാട്ടുമാവുകളുടെ സംരക്ഷണ കേന്ദ്രമായി ഇവിടം മാറും.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ്കുര്യന്‍ അധ്യക്ഷനായി. നാട്ടുമാവിന്‍ചോട്ടില്‍ കൂട്ടായ്മയുടെ ഫൗണ്ടര്‍ കോ ഓര്‍ഡിനേറ്റര്‍ ഷൈജു മാച്ചാത്തി പദ്ധതി വിശദീകരിച്ചു. ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ യു പി ശോഭ, അഡ്വ. കെ കെ രത്‌നകുമാരി, അഡ്വ. ടി സരള, മയ്യില്‍ പഞ്ചായത്ത് പ്രസിഡണ്ട് എം വി അജിത, കുറ്റിയാട്ടൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി പി റെജി, ജില്ലാ പഞ്ചായത്ത് അംഗം എന്‍ വി ശ്രീജിനി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി അബ്ദുല്‍ ലത്തീഫ്, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ പി കെ ബേബി റീന എന്നിവര്‍ പങ്കെടുത്തു.



Previous Post Next Post