പാമ്പുരുത്തി ദ്വീപിലെ കരയിടിച്ചല്‍: അടിയന്തര നടപടിയെടുക്കണമെന്ന് എസ്.ഡി.പി.ഐ

 


നാറാത്ത്:- കൊളച്ചേരി പഞ്ചായത്തിലെ ഒന്നാംവാര്‍ഡായ പാമ്പുരുത്തി ദ്വീപില്‍ കാലവര്‍ഷം കനത്തതോടെ കരയിടിച്ചല്‍ രൂക്ഷമാണെന്നും അധികൃതര്‍ അടിയന്തര നടപടിയെടുക്കണമെന്നും എസ്.ഡി.പി.ഐ. പാമ്പുരുത്തി ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. നാലുഭാഗവും പുഴയാല്‍ ചുറ്റപ്പെട്ട ദ്വീപില്‍ 350ലേറെ കുടുംബങ്ങളാണ് കഴിയുന്നത്. മഴക്കാലമെത്തിയാല്‍ ആശങ്കയോടെയാണ് പ്രദേശവാസികള്‍ കഴിയുന്നത്. 

കഴിഞ്ഞ പ്രളയകാലത്തെല്ലാം വീട്ടുകാരെ മുഴുവന്‍ ക്യാംപുകളിലേക്കും മറ്റുമായി മാറ്റിപ്പാര്‍പ്പിക്കുകയായിരുന്നു. എന്നാല്‍, പ്രളയക്കെടുതിയില്‍ നിന്ന് പാഠം പഠിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ദ്വീപിന് ചുറ്റും കരിങ്കല്‍ ഭിത്തി കെട്ടി സംരക്ഷിക്കണമെന്ന ദ്വീപ് നിവാസികളുടെ ആവശ്യം ഇപ്പോഴും നടപ്പിലായിട്ടില്ല. എംഎല്‍എ, എംപി ഫണ്ടോ ദുരന്തനിരാവരണ ഫണ്ടോ ഉപയോഗിച്ച് ഭിത്തി കെട്ടി സംരക്ഷിക്കണമെന്ന ആവശ്യം ഇതുവരെ നടപ്പാക്കിയിട്ടില്ല. ഏതാനും ഭാഗത്ത് കെട്ടിയ ഭിത്തിയാവട്ടെ കാര്യക്ഷമമല്ലെന്ന ആക്ഷേപവും നിലനില്‍ക്കുകയാണ്. രൂക്ഷമായ മണല്‍ക്കടത്ത് കാരണം ദ്വീപിലെ ഏക്കര്‍ കണക്കിന് ഭൂമി പുഴയെടുത്തിട്ടുണ്ട്. ഏറെക്കാലത്തെ നിയമപോരാട്ടത്തിലൂടെയാണ് മണല്‍ക്കടത്ത് നിരോധിക്കാനായത്. 

എന്നാല്‍, കരയിടിച്ചല്‍ തടഞ്ഞ് ദ്വീപ് സംരക്ഷിക്കുന്നതില്‍ പഞ്ചായത്ത് അധികൃതര്‍ക്കും ജില്ലാ ഭരണകൂടത്തിനും വലിയ താല്‍പര്യമില്ലാത്ത അവസ്ഥയാണ്. ഓരോ മഴക്കാലത്തും ആശങ്ക അറിയിക്കുകയും അധികാരികള്‍ സന്ദര്‍ശിക്കുകയും ചെയ്യുമെന്നല്ലാതെ നടപടികളെടുക്കുന്നില്ല എന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ആയതിനാല്‍ ഇനിയെങ്കിലും അധികാരികള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും എസ്.ഡി.പി.ഐ. ആവശ്യപ്പെട്ടു.

Previous Post Next Post