കരുമാരത്ത് ഇല്ലത്ത് നാരായണൻ നമ്പൂതിരിക്ക് കെ.വി രവീന്ദ്രൻ സ്മാരക ഗ്രാമപ്രതിഭാ പുരസ്കാരം സമർപ്പിച്ചു

കരിങ്കൽക്കുഴി :- സാമൂഹ്യ പ്രവർത്തകനും കെ എസ് & എ സി പ്രസിഡൻ്റുമായിരുന്ന കെ.വി രവീന്ദ്രൻ്റെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ കൊളച്ചേരി ഗ്രാമപ്രതിഭാ പുരസ്കാരം മാതൃകാ കർഷകൻ കരുമാരത്തില്ലത്ത് നാരായണൻ നമ്പൂതിരിപ്പാടിന് സമർപ്പിച്ചു. നണിയൂർ എ.എൽ.പി സ്കൂളിൽ നടന്ന ചടങ്ങിൽ പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ ഡോ.ഖലീൽ ചൊവ്വ പുരസ്കാര സമർപ്പണം നിർവഹിച്ചു. കൃഷി ജീവിതചര്യയാക്കിയ നിരായണൻ നമ്പൂതിരിയുടെ ജീവിതം പുതിയ തലമുറ പാഠമാക്കേണ്ടതാണെന്നും നാട്ടറിവുകളുടെയും ജൈവ വൈവിധ്യത്തിൻ്റെയും ആധികാരിക വിവരങ്ങളുടെ ഒരു കലവറയാണദ്ദേഹമെന്നും ഡോ.ഖലീൽ ചൊവ്വ പറഞ്ഞു.

ചടങ്ങിൽ ഉന്നത വിജയം നേടിയ കുട്ടികളെ ചടങ്ങിൽ അനുമോദിച്ചു.വിജയൻ നണിയൂർ കെ.വി.രവീന്ദ്രൻ അനുസ്മരണം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം കെ.പി നാരായണൻ ആശംസാ പ്രസംഗം നടത്തി. നാരായണൻ നമ്പൂതിരി മറുപടി പ്രസംഗം നടത്തി. മനുഷ്യസംസ്കാരം തന്നെ വളർന്നത് കൃഷിയിലൂടെയാണെന്നും അതിൽ നിന്നകലുന്നതാണ് നമ്മൾ നേരിടുന്ന പ്രശ്നങ്ങൾക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളെ മണ്ണിൽ ഇറങ്ങാൻ വിടാതെ വളർത്തുന്ന പരിഷ്കാരം ഗുണകരമല്ല. കൃഷിക്ക് പ്രാധാന്യം നൽകുന്ന വിദ്യാഭ്യാസ സമ്പ്രദായം വേണം. അദ്ദേഹം പറഞ്ഞു.

കെ. എസ് & എ സി പ്രസിഡൻറ് വി.വി.ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. അരുൺകുമാർ പി.എം. സ്വാഗതവും ഷൈനി. പി.വി നന്ദിയും പറഞ്ഞു.














Previous Post Next Post