പഴയങ്ങാടി:-ബലൂണുകളും വര്‍ണച്ചിത്രങ്ങളും നിറഞ്ഞ മുറിയില്‍ പാട്ടും പാഠങ്ങളും കേട്ട് അവര്‍ ഉറക്കെ ചിരിച്ചു. കൈ കൊട്ടിയും തലയാട്ടിയും സന്തോഷം പ്രകടിപ്പിച്ചു. വീട്ടകങ്ങളില്‍ നിന്ന് വിദ്യാലയങ്ങളിലേക്കുള്ള അവരുടെ വരവിനെ ആഘോഷമാക്കി അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ഥികളും ഒപ്പം ചേര്‍ന്നു.
സമഗ്ര ശിക്ഷ കേരളം മാടായി ബിആര്‍സി സ്പേസ് സെന്ററിന്റെ ഈ വര്‍ഷത്തെ പ്രവേശനോത്സവം മാടായി ഗവ.ഗേള്‍സ് സ്‌കൂളില്‍ ഉത്സവാന്തരീക്ഷത്തില്‍ നടന്നു. എട്ടാം തരത്തിലെ മലയാളം പാഠഭാഗമായ അമ്മൂമ്മയിലെ കഥാഭാഗങ്ങള്‍ സുഗത ടീച്ചര്‍ രസകരമായി വിവരിച്ചു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അമ്മൂമ്മയുടെ ഓര്‍മകളും അനുഭവങ്ങളും പങ്കുവച്ചതോടെ സ്പേസിലെ കുട്ടികളും അവരോടൊപ്പം ക്ലാസ്സ് ആസ്വദിച്ചു. പുറം കാഴ്ചകള്‍ ആസ്വദിക്കാനും വിദ്യാലയാന്തരീക്ഷം നേരിട്ടറിയാനും ഏറ്റവും നല്ല ഇടമാണ് സ്പേസ് എന്ന് രക്ഷിതാക്കള്‍ സാക്ഷ്യപ്പെടുത്തുന്നു. സ്പേസിലെ ഒന്നാം ദിനം കുട്ടികള്‍ക്ക്
പുത്തന്‍ അനുഭവമായി.
പൂര്‍ണമായും കിടപ്പിലായ കുട്ടികള്‍ക്ക് വിദ്യാലയാനുഭവം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് സ്പേസ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. മാടായി, പാപ്പിനിശ്ശേരി ബിആര്‍സികളിലായി ജില്ലയില്‍ രണ്ട് സ്പേസ് സെന്ററുകളാണുള്ളത്. 37 വിദ്യാര്‍ഥികളാണ് മാടായി ബിആര്‍സിക്ക് കീഴില്‍ സ്പേസ് സെന്റര്‍ പ്രയോജനപ്പെടുത്തുന്നത്. സ്പെഷ്യല്‍ എജുക്കേറ്റര്‍മാരുടെ മുഴുവന്‍ സമയ സേവനവും ഇവര്‍ക്കിവിടെ ലഭിക്കുന്നു.
കുട്ടികളെയും രക്ഷിതാക്കളെയും സെന്ററില്‍ എത്തിക്കുന്നതിനുള്ള വാഹന സൗകര്യം, റിഫ്രഷ്മെന്റ് എന്നിവ ജില്ലാപഞ്ചായത്താണ് നല്‍കുന്നത്. രക്ഷിതാക്കള്‍ക്കായി കുട നിര്‍മാണം പോലുള്ള തൊഴില്‍ പരിശീലനങ്ങളും ബി ആര്‍ സിയില്‍ നടന്നുവരുന്നു.
പ്രവേശനോത്സവം മാടായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സഹീദ് കായിക്കാരന്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് അംഗം സി പി ഷിജു അധ്യക്ഷനായി. ഡിപിഒ രാജേഷ് കടന്നപ്പള്ളി, ബ്ലോക്ക് പഞ്ചായത്ത് അംഗം സി പി മുഹമ്മദ് റഫീഖ്, എഇഒ ടി വി അജിത, ഡയറ്റ് ഫാക്കല്‍റ്റി കെ ഉണ്ണികൃഷ്ണന്‍, ഏഴോം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ പി കെ വിശ്വനാഥന്‍, പ്രിന്‍സിപ്പല്‍ അനില്‍ കുമാര്‍ ടി ഡി, മാടായി ബിപിസി എം വി വിനോദ് കുമാര്‍, ഹെഡ് മാസ്റ്റര്‍ കെ ലക്ഷണന്‍, സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍ ശ്രീഹര്‍ഷ, ബിആര്‍സി പ്രവര്‍ത്തകര്‍, സ്‌കൂള്‍ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പ്രവേശനോത്സവത്തില്‍ പങ്കെടുത്തു.