മയ്യിൽ:-കുടുംബശ്രീ ജില്ലാ മിഷനും തളിപ്പറമ്പ് നിയോജക മണ്ഡലവും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണശ്രീ 2023 വില്ലേജ് ഫെസ്റ്റിവലിന്റെ മയ്യില്‍ ഗ്രാമപഞ്ചായത്ത് തല ഫെസ്റ്റ് എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പ്രദേശങ്ങളിലെ കുടുംബശ്രീ സംരംഭങ്ങളെയും മറ്റ് സംരംഭക പ്രവര്‍ത്തനങ്ങളെയും പ്രോത്സാഹിപ്പിക്കുക എന്നതാണ് ഓണശ്രീയുടെ ലക്‌ഷ്യം. ഇതോടൊപ്പം കലാപരിപാടികള്‍, സെമിനാറുകള്‍, കലാകായിക മത്സരങ്ങള്‍ തുടങ്ങിയവയെല്ലാം ഉള്‍പ്പെടുത്തി ഓണശ്രീയെ നാടിന്റെ ഉത്സവമാക്കി മാറ്റാന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആഗസ്റ്റ് 28 വരെ മയ്യില്‍ ഗവ. ഹൈസ്‌കൂള്‍ ഗ്രൗണ്ടിലാണ് ഫെസ്റ്റ് നടക്കുന്നത്. കുടുംബശ്രീ, മറ്റിതര വിപണന സ്റ്റാളുകള്‍, സംരംഭക സ്റ്റാളുകള്‍, അഗ്രികള്‍ച്ചറല്‍ സ്റ്റാളുകള്‍, ഫുഡ് കോര്‍ട്ട് എന്നിവയും മേളയിലുണ്ടാകും. എല്ലാ ദിവസവും വിവിധ വിഷയങ്ങളിലുള്ള സെമിനാറുകളും കലാ സന്ധ്യയും നടക്കും. വിവിധ വാര്‍ഡില്‍ നിന്നുള്ള കലാകാരന്മാരും അങ്കണവാടി കുട്ടികളും അണിനിരക്കുന്ന കലാപരിപാടികള്‍, ഗാനമേള, ഇശല്‍ രാവ്, നാടന്‍പാട്ടുകള്‍, കമ്പവലി, മൈലാഞ്ചിയിടല്‍ തുടങ്ങിയ വിവിധ മത്സരങ്ങളും നടക്കും.
സ്റ്റാളുകളുടെ ഉദ്ഘാടനം കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഡോ എം സുര്‍ജിത് നിര്‍വ്വഹിച്ചു.
മയ്യില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം വി അജിത അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് എ ടി രാമചന്ദ്രന്‍, ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ പി രേഷ്മ, ബ്ലോക്ക് പഞ്ചായത്ത് അംഗം എം വി ഓമന, മയ്യില്‍ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പി പ്രീത, രവി മാണിക്കോത്ത്, വി വി അനിത, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഇ എം സുരേഷ് ബാബു, കെ ബിജു, മുല്ലക്കൊടി കോ.ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക് പ്രസിഡണ്ട് കെ സി ഹരികൃഷ്ണന്‍ മാസ്റ്റര്‍, മയ്യില്‍ സഹകരണ പ്രസ് പ്രസിഡണ്ട് എന്‍ അനില്‍കുമാര്‍, ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി കെ വിജയന്‍, മയ്യില്‍ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി രജീഷ്, വിവിധ രാഷ്ട്രീയ പ്രതിനിധികളായ എന്‍ കെ രാജന്‍, കെ പി ശശിധരന്‍, കെ സി സുരേഷ് ബാബു, ടി വി അസൈനാര്‍ മാസ്റ്റര്‍, കെ സി രാമചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. ഫെസ്റ്റിന്റെ ഭാഗമായി മയ്യില്‍ ടൗണില്‍ വിളംബരഘോഷയാത്രയും നടന്നു.
ഫെസ്റ്റിന്റെ സമാപനം ആഗസ്റ്റ് 28ന് ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. റോബര്‍ട്ട് ജോര്‍ജ് ഉദ്ഘാടനം ചെയ്യും.