വായനാചലഞ്ച് ; വിജയികൾക്ക് വിസ്മയോത്സവം ഒരുക്കി സഫ്‌ദർ ഹാശ്മി, പ്രഭാത് വായനശാലകൾ


മയ്യിൽ :- കുട്ടികൾക്കായി സംഘടിപ്പിച്ച വായന ചലഞ്ചിൽ വിജയികളായവർക്ക് വിസ്മയ അമ്യൂസ്മെന്റ് പാർക്കിൽ അടിച്ചുപൊളിക്കാൻ അവസരം ഒരുക്കി സഫ്ദർ ഹാശ്മി  വായനശാലയും പ്രഭാത് വായനശാലയും.

 മധ്യവേനലവധിക്കായി സ്കൂൾ അടക്കുന്നതിൻ്റെ തലേന്ന് അവധിക്കാല വായനശാല തുറന്നായിരുന്നു സഫ്ദർ ഹാഷ്മി ഗ്രന്ഥാലയം നൂറ് പുസ്തകങ്ങളുടെ വായനാ ചലഞ്ച് പ്രഖ്യാപിച്ചത്. പ്രഭാത് വായനശാല അൽപം വൈകിയാണ് ചലഞ്ച് പ്രഖ്യാപിച്ചത്. 40  പുസ്തകങ്ങൾ വായിച്ച് വായനാകുറിപ്പ് തയ്യാറാക്കുന്നവർക്ക് വിസ്മയ വാട്ടർ തീം പാർക്കിൽ ഒരു ദിവസം മുഴുവൻ അടിച്ചുപൊളിക്കാമെന്നതായിരുന്നു വായനശാലയുടെ ഓഫർ. കുട്ടികളെ കൂടുതൽ വായിപ്പിക്കാനുള്ള പോംവഴികളെ കുറിച്ചുള്ള ചിന്തയിൽ നിന്നായിരുന്നു അവധിക്കാലത്ത് സഫ്ദർ ഹാഷ്മി ഗ്രന്ഥാലയവും ചേലേരി പ്രഭാത് വായനശാലയും വായനാ ചലഞ്ച് പ്രഖ്യാപിച്ചത്. സഫ്ദർ ഹാഷ്മിയിൽ 65 വിദ്യാർത്ഥികളാണ് ചലഞ്ചിൻ്റെ ഭാഗമായത്.ഇതിൽ ഒൻപത്  പേരും പ്രഭാതിൽ നാൽപതോളം പേർ പങ്കാളികളായതിൽ 12 പേരും ലക്ഷ്യത്തിലെത്തിയിരുന്നു.

താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം പി  വിനോദ് വിസ്മയോത്സവം ഉദ്ഘാടനം ചെയ്തു. പി.പി സതീഷ് കുമാർ ഗാന്ധിജയന്തി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ടി.വി സാന്ദ്ര സ്വാഗതം പറഞ്ഞു. പ്രഭാത് ബാലവേദി പ്രസിഡണ്ട് മീര, വനിതാവേദി കൺവീനർ ദീപ പി.കെ, സഫ്ദർ ഹാശ്മി ലൈബ്രേറിയന്മാരായ എൻ അജിത, സ്നേഹ മോഹൻ എന്നിവർ നേതൃത്വം നൽകി.



Previous Post Next Post