തളിപ്പറമ്പ് :- നവകേരള സദസ്സിനായെത്തിയ ജനനായകരെ കാണാൻ തളിപ്പറമ്പ് ഉണ്ടപ്പറമ്പ് മൈതാനത്തേക്ക് എത്തിയത് പതിനായിരങ്ങൾ. ജില്ലയിലെ നവകേരള സദസ്സിന്റെ മൂന്നാം വേദിയായ തളിപ്പറമ്പിൽ ജനസാഗരം തീർത്തുകൊണ്ട് നാനാഭാഗത്ത് നിന്നായി സ്ത്രീകൾ, കുട്ടികൾ, വിദ്യാർഥികൾ, ജീവനക്കാർ, തൊഴിലാളികൾ തുടങ്ങിയവർ ഒഴുകിയെത്തി. കാൽലക്ഷത്തിലധികം പേരാണ് ഈ ചരിത്രസംഭവത്തിന് സാക്ഷ്യം വഹിക്കാനെത്തിയത്. തളിപ്പറമ്പിന്റെ വീഥികളിലുടനീളം ജനങ്ങളാൽ സമ്പന്നമായിരുന്നു. ആട്ടവും പാട്ടുമൊക്കെയായി തികഞ്ഞ ഉത്സവാന്തരീക്ഷത്തിലാണ് തളിപ്പറമ്പ് സംസ്ഥാന മന്ത്രിസഭയെ സ്വീകരിച്ചത്.
മിനേഷ് മണക്കാടിന്റെയും പ്രമോദിന്റെയും ഗാനമേളയോടെയായിരുന്നു തളിപ്പറമ്പിലെ കലാപരിപാടികളുടെ തുടക്കം. ഐഡിയ സ്റ്റാർ സിംഗർ വിജയി പല്ലവി രതീഷിന്റെ ഗാനം കാണികളെ ആവേശം കൊള്ളിച്ചു. മുരുകൻ കാട്ടാക്കടയുടെ കവിതയെ ആസ്പദമാക്കിയുള്ള സംഗീത ശിൽപമായിരുന്നു മറ്റൊരാകർഷണം. വജ്രജൂബിലി ഫെലോഷിപ് നേടിയ കലാകാരന്മാരുടെ നേതൃത്വത്തിൽ ഒപ്പന, മാർഗംകളി മോഹിനിയാട്ടം, കഥകളി തുടങ്ങിയവ കോർത്തിണക്കിയ നൃത്തശിൽപ്പവും അരങ്ങേറി. തുടർന്ന് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സ്വാഗതഗാനത്തോടെ വേദിയിലേക്ക് ആനയിച്ചു. ജനപ്രതിനിധികൾ ഓരോരുത്തരേയും സ്വീകരിച്ചു. സദസ്സ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി, കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്, സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ എന്നിവർ ചടങ്ങിൽ അഭിസംബോധന ചെയ്ത് സംസാരിച്ചു. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും മണ്ഡലത്തിലെ വിവിധ ജനപ്രതിനിധികൾ സ്വീകരിച്ചു. തുടർന്ന് അഥീന നാടക നാട്ടറിവ് വീട് ഒറപ്പടി കലാസംഘത്തിന്റെ കലാപരിപാടികളും അരങ്ങേറി.
നവകേരള സദസ്സിനോടനുബന്ധിച്ച് നടന്ന ചിത്രരചന, ക്വിസ് മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ നൽകി.
10 കൗണ്ടറുകൾ വഴി സ്വീകരിച്ചത് 2289 പരാതികൾ
നവകേരള സദസ്സിന്റെ ഭാഗമായി പ്രത്യേകം തയ്യാറാക്കിയ കൗണ്ടറുകൾ വഴി 2289 പരാതികൾ സ്വീകരിച്ചു. ഭിന്നശേഷിക്കാർ, വയോജനങ്ങൾ, സ്ത്രീകൾ എന്നിവർക്ക് മുൻഗണന നൽകി ആകെ 10 കൗണ്ടറുകളാണ് സജ്ജീകരിച്ചത്. സംശയങ്ങൾക്കും സേവനങ്ങൾക്കുമായി പ്രത്യേക ഹെല്പ് ഡെസ്‌ക്കുമുണ്ടായിരുന്നു. ഉച്ചയ്ക്ക് 2 മണി മുതലാണ് പരാതികൾ സ്വീകരിച്ചു തുടങ്ങിയത്. ചടങ്ങിന് ശേഷവും ഇതിനുള്ള സൗകര്യമുണ്ടായിരുന്നു.