കൊച്ചി :- ഇതര സംസ്ഥാന തൊഴിലാളികൾ കേരളത്തിൻ്റെ വികസനത്തിന് നൽകിയ സംഭാവനകൾ വലുതാണെന്നും കഠിനാധ്വാനം ചെയ്യാൻ തയ്യാറല്ലാത്ത മലയാളികളുടെ ഈഗോയാണ് അതിഥിത്തൊഴിലാളികൾ കേരളത്തിലേക്കെത്താനുള്ള കാരണമെന്നും ഹൈക്കോടതി. കേരള ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡിൻ്റെ തൃപ്പൂണിത്തുറ ഓഫിസിൽ ജോലി ചെയ്യുന്ന ചുമട്ടുതൊ ഴിലാളികൾ നൽകിയ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. ഇവിടെയുള്ള ഇതരസംസ്ഥാന തൊഴിലാളികൾ കാരണമുള്ള പ്രശനങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ചുമട്ടുതൊഴിലാളികൾ ഹർജി നൽകിയത്.
നെട്ടൂരിലെ ഹോൾസെയിൽ മാർക്കറ്റിലെ ഇതര സംസ്ഥാന തൊഴിലാളികൾ തൊഴിൽ നിയന്ത്രണവും സേവന വ്യവസ്ഥകളും സംബന്ധിച്ച 1979ലെ അന്തർസംസ്ഥാന കുടിയേറ്റ തൊഴിലാളി നിയമപ്രകാരം ഒരു തരത്തിലുള്ള രജിസ്ട്രേഷനും നടത്തുന്നില്ലെന്നാണ് ഹർജിക്കാരുടെ വാദം. ഇത്തരത്തിലുള്ള തൊഴിലാളികളെ മാർക്കറ്റിൽ നിന്ന് ഒഴിപ്പിക്കണമെന്നും ഇവർ ആവശ്യമുന്നയിച്ചു. ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഉറങ്ങാനും ഭക്ഷ ണം പാകം ചെയ്യാനും പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനും വ്യാപാരികൾ മാർക്കറ്റിനുള്ളിൽ കൂടുതൽ വാസസ്ഥലങ്ങൾ നിർമിച്ച് നൽകിയിട്ടുണ്ട്. എന്നാൽ ഈ തൊഴിലാളികളിൽ ചിലർ മയക്കുമരുന്നും മദ്യവും വ്യാപകമായ രീതിയിൽ ഉപയോഗിക്കുകയും അവരുടെ ചില പ്രവൃത്തികൾ ബുദ്ധിമുട്ടുണ്ടാക്കുന്നതായും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ മലയാളികൾക്ക് അവരുടെ ഈഗോ കാരണം ജോലി ചെയ്യാൻ തയാറല്ലെന്നും കുടിയേറ്റ തൊഴിലാളികൾ കാരണമാണ് നമ്മൾ അതിജീവിക്കുന്നതെന്നും ജസ്റ്റിസ് രാമചന്ദ്രൻ പറഞ്ഞു. അതേ സമയം ഹർജിയിൽ ഉന്നയിച്ചിരിക്കുന്ന വിഷയങ്ങൾ ഗൗരവമുള്ളതാണെന്നും കോടതി ചൂണ്ടിക്കാട്ടി.
കുടിയേറ്റക്കാരായ ഇതര സംസ്ഥാന തൊഴിലാളികൾക്ക് എതിരല്ലെന്നും എന്നാൽ അവരെ മൊത്തമായി മാറ്റുന്നത് സാധ്യമല്ലെന്നും കോടതി പറഞ്ഞു. ഹർജിക്കാരന്റെ ആരോപണങ്ങൾ അന്വേഷിച്ച് മൂന്നാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജില്ലാ കലക്ടറോട് കോടതി ആവശ്യപ്പെട്ടു. ഹർജി ഒരുമാസത്തിനു ശേഷം വീണ്ടും പരിഗണിക്കും.