നവകേരള സദസ്സ് അവലോകന യോഗം നടത്തി ; മണ്ഡലങ്ങളില്‍ വകുപ്പ് തല നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കണം - കലക്ടർ


കണ്ണൂർ :- നവകേരള സദസിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് മുഴുവന്‍ വകുപ്പുകളും മണ്ഡലതലത്തില്‍ നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കണമെന്ന് അവലോകന യോഗത്തില്‍ നിര്‍ദ്ദേശം. ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയനാണ് ഈ നിര്‍ദേശം നല്‍കിയത്. നവകേരള സദസിന്റെ ഒരുക്കവുമായി ബന്ധപ്പെട്ട് ജില്ലാതലത്തില്‍ വിവിധ വകുപ്പുകള്‍ നടപ്പാക്കുന്ന പരിപാടികള്‍ യോഗം വിലയിരുത്തി. ജില്ലാതല വകുപ്പ് മേധാവികളും സംഘാടക സമിതി കണ്‍വീനര്‍മാരും പങ്കെടുത്തു. നവകേരള സദസ്സിന്റെ വിജയത്തിനായി മുഴുവന്‍ വകുപ്പുകളും സമഗ്രമായ ഇടപെടല്‍ നടത്തണമെന്ന് ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ പറഞ്ഞു. ഓരോ വകുപ്പും ജനങ്ങള്‍ക്ക് സേവനങ്ങള്‍ നല്‍കുന്നതിന് പ്രത്യേക പരിപാടികള്‍ നടത്താനുള്ള നടപടികള്‍ സ്വീകരിക്കണം. തീരുമാനിക്കപ്പെടുന്ന പരിപാടികള്‍ നടപ്പിലാകുന്നുവെന്ന് വകുപ്പ് മേധാവികള്‍ ഉറപ്പ് വരുത്തണം. വകുപ്പുകളുടെ സേവന പ്രവര്‍ത്തന വിവരങ്ങളും പരിപാടികളും മുഴുവന്‍ മണ്ഡലങ്ങളിലും എത്തിക്കാന്‍ ശ്രമിക്കണം. സാമൂഹ്യമേഖലയില്‍ ഇടപെടുന്ന വകുപ്പുകള്‍ പരിപാടികള്‍ നടത്തുന്നതില്‍ മറ്റ് വകുപ്പുകളുമായി ഏകോപനം ഉണ്ടാക്കാന്‍ ശ്രദ്ധിക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു.

ജീവിത ശൈലി രോഗനിര്‍ണ്ണയ ക്യാമ്പ്, മാരത്തണ്‍, രോഗ പ്രതിരോധ-ബോധവല്‍ക്കരണ പരിപാടികള്‍, ക്യാമ്പുകള്‍ തുടങ്ങിയ പരിപാടികള്‍ നടത്തുമെന്ന് ആരോഗ്യം, ആയുഷ്, ഹോമിയോ വകുപ്പുകള്‍ അറിയിച്ചു. എന്റെ സങ്കല്‍പ്പത്തിലെ നവകേരളം എന്ന വിഷയത്തില്‍ ശിശുദിനത്തില്‍ ഐസി ഡി എസ് ചിത്രരചനാ മത്സരം സംഘടിപ്പിക്കും. മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് മയക്ക് മരുന്നിനെതിരായ ബോധവല്‍ക്കണം, കായിക ലഹരി ഫുട്ബോള്‍ മത്സരം, നാടകം തുടങ്ങിയ പരിപാടികള്‍ നടത്തി വരുന്നതായി എക്സൈസ് വകുപ്പ് അറിയിച്ചു.

കാര്‍ഷിക സെമിനാറുകള്‍, ചെറു ധാന്യ പ്രചാരണം, ഔഷധ ഗ്രാമം തുടങ്ങിയ പരിപാടികള്‍ക്ക് കൃഷിവകുപ്പ് രൂപം നല്‍കി. ഓരോ മണ്ഡലത്തിലും പ്രത്യേകം ഉദ്യോഗസ്ഥരെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. എസ് സി എസ്ടി കോളനികളില്‍ ക്ലബ്ബുകളുടെ സഹായത്തോടെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. എല്ലാ സഹകരണ സ്ഥാപനതലത്തിലും കസ്റ്റമര്‍ മീറ്റുകള്‍ നടത്തുമെന്ന് സഹകരണ വകുപ്പ് അറിയിച്ചു. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പ്രത്യേക ഹെല്‍പ്പ് ഡസ്‌ക്, ഇന്‍വെസ്റ്റേഴ്സ് മീറ്റുകള്‍, സംരംഭക സംഗമം, ലോണ്‍ മേളകള്‍ തുടങ്ങിയവ സംഘടിപ്പിക്കും.

പൊതുമരാമത്ത് വകുപ്പ്, ജലവിഭവ വകുപ്പ്, ഇറിഗേഷന്‍ വകുപ്പ് തുടങ്ങി പശ്ചാത്തല സൗകര്യമൊരുക്കുന്ന വകുപ്പുകള്‍ മണ്ഡലതലത്തില്‍ പട്ടിക തയ്യറാക്കി പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ,സബ് കലക്ടര്‍ സന്ദീപ് കുമാര്‍, എ ഡി എം കെ കെ ദിവാകരന്‍, ഡെപ്യൂട്ടി കലക്ടര്‍ ടി വി രഞ്ജിത്ത്, തളിപ്പറമ്പ് ആര്‍ ഡി ഒ ഇ പി മേഴ്സി തുടങ്ങിയവര്‍ പങ്കെടുത്തു.

 

Previous Post Next Post