ഇരിട്ടി :- അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രത്തിലെ യജ്ഞശാലയിലേക്ക് ശ്രീമദ് ഭാഗവതം സംസ്കൃത മൂലഗന്ഥം മുഴക്കുന്ന് ശ്രീ മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽ മേൽശാന്തി കളത്തിൽ ഇല്ലത്ത് കൃഷ്ണൻ നമ്പൂതിരിപ്പാട് പൂജിച്ചു തങ്കവിഗ്രഹ രഥത്തിലേക്ക് എഴുന്നള്ളിച്ചു. ഇന്നു രാവിലെ ഏഴര മണിയോടെയാണ് മൃദംഗ ശൈലേശ്വരി ക്ഷേത്രം ശ്രീ കോവിലിൽ ഗ്രന്ഥ പൂജ നടന്നത്. തുടർന്ന്ഭാഗവതസത്രം ജോയിന്റ് സെക്രട്ടറി രതീഷ് മേപ്പയ്യൂർ, നിർവഹണ സമിതി അംഗങ്ങളായ സദാനന്ദൻ പുഴാതി ,വേണുഗോപാൽ ആളങ്ങരി എന്നിവരുടെ നേതൃത്വത്തിൽ ഗ്രന്ഥം നാമജപത്തോടെ തങ്കവിഗ്രഹ രഥത്തിലേക്ക് എഴുന്നള്ളിച്ചു.
ചടങ്ങിൽ മൃദംഗ ശൈലേശ്വരി ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ എ.കെ. മനോഹരൻ, ട്രസ്റ്റിഅംഗം ചന്ദ്രൻ , ഭാഗവത സത്രം ജനറൽ കൺവീനർ മുരളി മോഹൻ ,വർക്കിംഗ് ചെയർമാൻ രവീന്ദ്രനാഥ് ചേലേരി, ജയ നാരായണൻ തുടങ്ങിയവർ പങ്കെടുത്തു.
മൃദംഗ ശൈലേശ്വരി ക്ഷേത്ര കവാടത്തിൽ തങ്കവിഗ്രഹ രഥയാത്രയെ നാമ സങ്കീർത്തനങ്ങളോടെയാണ് മുഴക്കുന്ന് നിവാസികൾ എതിരേറ്റത്. തങ്കവിഗ്രഹ രഥയാത്ര ഇന്നു രാവിലെ ആറിന് കൊട്ടിയൂർ മഹാദേവ ക്ഷേത്രത്തിൽ നിന്നാണ് പ്രയാണമാരംഭിച്ചത്.