കോഴിക്കോട് :- ഐക്യകേരളപ്പിറവി ദിനമായ നവംബർ ഒന്ന് കരിദിനമായി ആചരിക്കാൻ മലബാർ ദേവസ്വത്തിലെ ക്ഷേത്രജീവനക്കാരുടെ സംയുക്ത സമരസമിതി തീരുമാനിച്ചു. ക്ഷേത്രജീവനക്കാരോടുള്ള വിവേചനപരമായ നിലപാടിൽ പ്രതിഷേധിച്ചാണിത്. തിരുവിതാംകൂറിലും കൊച്ചിയിലും കേരളസംസ്ഥാന നിയമം നടപ്പാക്കുമ്പോൾ മലബാർ ദേവസ്വത്തിൽ കാലഹരണപ്പെട്ട മദ്രാസ് നിയമം തുടരുകയാണെന്ന് സമര സമിതിക്കാർ ചൂണ്ടിക്കാട്ടി.
ക്ഷേത്രജീവനക്കാരുടെ നിയമനത്തിലും വേതനത്തിലും കാട്ടുനീതിയാണ് മലബാറിലുള്ളതെന്നും കാലാനുസൃതമായ സേവന-വേതന വ്യവസ്ഥകൾ നടപ്പാക്കുന്നില്ലെന്നും അവർ ആരോപിച്ചു. 14 വർഷം മുമ്പ് നടപ്പാക്കിയ പരിഷ്ക്കരണം പോലും യഥാസമയം ലഭ്യമാക്കുന്നില്ല. രണ്ടുവർഷം മുമ്പ് പ്രഖ്യാപിച്ച ശമ്പളപരിഷ്ക്കരണം മരവിപ്പിച്ചിരിക്കയാണ്. തുല്യനീതിക്കുവേണ്ടി ആറ് മാസത്തിലധികമായി ക്ഷേത്രജീവനക്കാർ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ദേവസ്വം ബോർഡ് ആസ്ഥാനത്ത് അനിശ്ചിതകാലസമരം നടത്തിവരുകയാണ്. ഇതിന്റെ തുടർച്ചയായാണ് മലബാർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് കേരളപ്പിറവി ദിനത്തിൽ പ്രതിഷേധിക്കുന്നത്.
ഉച്ചയ്ക്ക് 11.30-ന് എരഞ്ഞിപ്പാലം ജങ്ഷനിൽ നിന്ന് സിവിൽ സ്റ്റേഷനിലേക്ക് കരിങ്കൊടി പ്രകടനവും നടത്തുമെന്ന് സംയുക്ത സമരസമിതി കൺവീനർ വി.വി ശ്രീനിവാസൻ പറഞ്ഞു.