കണ്ണൂർ:- സാധാരണക്കാരായ ഭൂരിപക്ഷം വരുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിൽ ഉണ്ടായിട്ടുള്ള സാങ്കേതിക തടസ്സങ്ങൾ ഒഴിവാക്കി സമാന്തര വിദ്യാഭ്യാസത്തെ സംരക്ഷിക്കുമെന്ന് രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ. കേരളത്തിലെ ലക്ഷോപലക്ഷം സാധാരണക്കാരുടെ മക്കൾക്ക് വിദ്യാഭ്യാസവും അഭ്യസ്തവിദ്യർക്ക് തൊഴിലും നൽകിക്കൊണ്ട് ഏഴ് പതിറ്റാണ്ടായി പ്രവർത്തിച്ചുവരുന്ന പാരലൽ കോളേജുകൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നടത്തിയ സമാന്തര വിദ്യാഭ്യാസ സംരക്ഷണ സംസ്ഥാനതല സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ 47 (2),72 വകുപ്പുകൾ എടുത്തുമാറ്റിക്കൊണ്ട് കേരളത്തിലെ എല്ലാ യൂണിവേഴ്സിറ്റികളിലും പ്രൈവറ്റ് /വിദൂര വിഭാഗം കോഴ്സുകൾ തുടങ്ങാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സംഗമം ആവശ്യപ്പെട്ടു. കേരളത്തിലെ ഏത് യൂണിവേഴ്സിറ്റിയിലും വിദ്യാർഥികൾക്ക് ഇഷ്ടമുള്ള ഏത് കോഴ്സും പഠിക്കാനുള്ള സാഹചര്യ ഉണ്ടാക്കണമെന്നാണ് പാരലൽ കോളേജ് അസോസിയേഷൻ ആവശ്യപ്പെടുന്നത്.
ഈ മേഖലയെ ആശ്രയിച്ചു കഴിയുന്ന പതിനായിരക്കണക്കിന് അധ്യാപകരെയും , അനധ്യാപകരെയും അവരുടെ ലക്ഷക്കണക്കിന് കുടുംബങ്ങളെയും പട്ടിണിയിലേക്ക് തള്ളിവിടാതിരിക്കാൻ സർക്കാർ ഇടപെടണമെന്നും സംഗമം ആവശ്യപ്പെട്ടു. സംഘാടക സമിതി ചെയർമാൻ സി. അനിൽകുമാർ അധ്യക്ഷത വഹിച്ചു. കെ.വി.സുമേഷ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ എം.വി.ജയരാജൻ (സി.പി.എം) അഡ്വ. റഷീദ് കവ്വായി (കോൺഗ്രസ് ), എൻ.ഹരിദാസ് ( ബിജെപി ),അബ്ദുൾ കരീം ചേലേരി ( മുസ്ലിം ലീഗ് ),സി.പി.സന്തോഷ് കുമാർ ( സിപിഐ ), സംഘാടകസമിതി സംസ്ഥാന ചെയർമാൻ എ.പ്രഭാകരൻ, ജനറൽ കൺവീനർ കെ.എൻ. രാധാകൃഷ്ണൻ , കണ്ണൂർ സർവ്വകലാശാല സിൻഡിക്കേറ്റ് മെമ്പർ രാഖി രാഘവൻ , സഞ്ജീവ് പി.എസ് (എസ്.എഫ്.ഐ), അതുൽ എം.സി (കെ.എസ്.യു ), ജാസിർ. ഒ കെ (എം.എസ്.എഫ് ) , പി.എ. ഇസ്മയിൽ (എ.ഐ.എസ്.എഫ് ) , അസോസിയേഷൻ നേതാക്കളായ കെ.ആർ. അശോക് കുമാർ, അഡ്വ. കെ.കെ. സൈതലവി, സംഘാടകസമിതി കൺവീനർ ടി.കെ.രാജീവൻ എന്നിവർ അഭിസംബോധന ചെയ്തു.
പഴയ ബസ്റ്റാൻഡ് പരിസരത്തു നിന്നും ആരംഭിച്ച റാലി അസോസിയേഷൻ രക്ഷാധികാരി കെ.പി.ജയബാലൻ ഫ്ലാഗ് ഓഫ് ചെയ്തു. റാലി നഗരം ചുറ്റി കണ്ണൂർ ചേമ്പർ ഓഫ് കോമേഴ്സ് ഹാളിൽ സമാപിച്ചു. റാലിക്ക് നേതാക്കളായ രാജേഷ് പാലങ്ങാട്ട് , കെ.പ്രകാശൻ, എൻ.വി. പ്രസാദ്, വി. ഷാജൻജോസ് - വയനാട്, ശശി കുത്തനൂർ - പാലക്കാട്, സജി കെ. രാജ് - കോഴിക്കോട്, സൽജു ജോസഫ് - ഇടുക്കി, എ.ഷൈജു - തിരുവനന്തപുരം, കെ.പി. ഗോപാലകൃഷ്ണൻ, ടി.പി.എം. സലീം - കോഴിക്കോട് എന്നിവർ നേതൃത്വം നൽകി.
|