തൃശ്ശൂർ :- തൃശ്ശൂർ വിവേകോദയം സ്കൂളിൽ തോക്കുമായെത്തിയ പൂർവ്വവിദ്യാർത്ഥി വെടി ഉതിർത്തു. ക്ലാസ് മുറിയിലെത്തി മൂന്ന് റൗണ്ട് ആണ് മുകളിലേക്ക് വെടി ഉതിർത്തത്. അരമണിക്കൂർ മുൻപായിരുന്നു സംഭവം. സ്റ്റാഫ് റൂമിൽ കയറി അധ്യാപകരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. സംഭവത്തിൽ മുളയം സ്വദേശി ജഗനെ (18) തൃശ്ശൂർ ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു. അതിക്രമം കാണിച്ച യുവാവ് ലഹരിക്ക് അടിമയെന്ന് പോലീസ് പറഞ്ഞു.
2021 - 23 ബാച്ചിലാണ് പ്രതി ഈ സ്കൂളിൽ പഠിച്ചത്. ജഗൻ പ്ലസ് ടു പഠനം പാതിവഴിയിൽ ഉപേക്ഷിച്ചിരുന്നെന്ന് അധ്യാപകർ പറയുന്നു. ഈ വൈരാഗ്യമാകാം സംഭാവകാരണമെന്ന് പോലീസ് അനുമാനിക്കുന്നു. വിദ്യാർഥികളും അധ്യാപകരും സ്കൂളിൽ ഉള്ളപ്പോഴായിരുന്നു സംഭവം. സംഭവ സമയം ക്ലാസ് നടന്നു കൊണ്ടിരിക്കുകയായിരുന്നു. സ്കൂൾ അധികൃതർ പോലീസിൽ അറിയിച്ചു. പോലീസ് എത്തുമ്പോഴേക്കും സ്കൂളിന്റെ മതിൽ ചാടി കടന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസും, അധ്യാപകരും, നാട്ടുകാരും ചേർന്ന് പിടികൂടുകയായിരുന്നു. ജില്ലാ കലക്ടറും സബ് കലക്ടറും സ്കൂളിൽ എത്തിയിട്ടുണ്ട്.