കണ്ടക്കൈ :- അന്നം വരുന്ന വഴിതേടി പാടത്തേക്കിറങ്ങി കണ്ടക്കൈ എ.എൽ.പി സ്കൂളിലെ കുട്ടിക്കർഷകർ സ്കൂളിലെ 3, 4 ക്ലാസ്സുകളിലെ കുട്ടികളാണ് വയലിനെ അറിയുക എന്ന പരിപാടിയുടെ ഭാഗമായി വയൽ സന്ദർശനവും ഞാറുനടലും നടത്തിയത്. കോട്ടയാട് ആർ.ടി ശങ്കരന്റെ വയലിൽ നടന്ന പരിപാടി പി.ടി.എ പ്രസിഡന്റ് പി.പി ഷിബുവിന്റെ അദ്ധ്യക്ഷതയിൽ വാർഡ് മെമ്പർ കെ.വി സതി ഉദ്ഘാടനം ചെയ്തു.
അന്യമായിക്കൊണ്ടിരിക്കുന്ന നെൽകൃഷിയുടെയും വയലുകളുടെയും പ്രാധാന്യത്തെക്കുറിച്ചും അവിടെ വിയർപ്പൊഴുക്കി നമുക്കുള്ള അന്നം വിളയിക്കുന്ന കർഷകന്റെ മഹത്വത്തെക്കുറിച്ചും പ്രധാനാധ്യാപകൻ സി.വിനോദ് കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. കർഷകൻ ആർ.ടി ശങ്കരൻ ഞാറു നടുന്നത് കുട്ടികൾക്ക് കാണിച്ചു കൊടുക്കുകയും നെൽകൃഷിയുടെ വിവിധ ഘട്ടങ്ങളെ കുറിച്ച് പറഞ്ഞു കൊടുക്കുകയും ചെയ്തു.
കുട്ടികളോടൊപ്പം അധ്യാപകരായ ആയിഷ , സിമി , ഹൃതിക്, വൈഷ്ണവ് എന്നിവരും ഞാറ് നട്ടു. നെല്ലിന്റെ ഉള്ളിൽ നിന്നാണ് നമ്മുടെ ആഹാരമായ അരി ഉണ്ടാകുന്നതെന്നുപോലും അറിയാത്ത അവസ്ഥയിലേക്ക് നമ്മുടെ കുഞ്ഞുങ്ങൾ മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ സാമൂഹ്യ സാഹചര്യത്തിൽ ഏറെ വിജ്ഞാന പ്രദവും, താല്പര്യജനകവുമായ ഈ പരിപാടി കുട്ടികൾക്ക് പുതിയ ഒരു അനുഭവമായി മാറി.