തളിപ്പറമ്പ് :- ബിപിഎൽ കാർഡുമായി ബന്ധപ്പെട്ട് അപേക്ഷകനിൽ നിന്ന് 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തളിപ്പറമ്പ് താലൂക്ക് സപ്ലൈ ഓഫീസർ പി കെ അനിലിനെ വിജിലൻസ് സംഘം അറസ്റ്റു ചെയ്തു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പെരുവളത്തുപറമ്പ് സ്വദേശിയിൽ നിന്നാണ് തുക ആവശ്യപ്പെട്ടത്. ഇവരുടെ ബിപിഎൽ കാർഡ് എത്രയും വേഗം എപിഎൽ കാർഡ് ആക്കണമെന്നും ഇതുവരെ ബിപിഎൽ കാർഡ് ഉപയോഗിച്ചതിന് പിഴയായി മൂന്ന് ലക്ഷം രൂപ അടയ്ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
നടപടി ഒഴിവാക്കാൻ 25,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു എന്ന് പരാതിക്കാരൻ പറഞ്ഞു. സാമ്പത്തിക പ്രയാസം പറഞ്ഞപ്പോൾ 15,000 രൂപയാക്കി. ആദ്യഘട്ടം 10,000 രൂപ നൽകിയെന്നും 5000 രൂപയ്ക്ക് കൂടി നിർബന്ധം പിടിച്ചപ്പോഴാണ് വിജിലൻസിനെ സമീപിച്ചതെന്നും ഇവർ പറയുന്നു. പുതുതായി അനുവദിച്ച കാർഡ് പരാതിക്കാരന് ലഭിക്കുകയും ചെയ്തു. വൈകീട്ട് അഞ്ചോടെ ആരംഭിച്ച അറസ്റ്റ് നടപടിക്രമങ്ങൾ പൂർത്തിയാകുമ്പോൾ രാത്രി എട്ടരയായി. പ്രതിയെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
കണ്ണൂർ വിജിലൻസ് ഡിവൈഎസ്‌പി ബാബു പെരിങ്ങേത്തിൻ്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ സുനിൽ കുമാർ, സബ് ഇൻസ്പെക്ടർമാരായ രാജേഷ്, ബാബു, സീനിയർ സിവിൽ പോലീസ് ഓഫീസർ സുരേഷ്, ഹൈറേഷ്, സിജിൻ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.